ബാങ്കാണ്‌, വമ്പനാണ്‌ കെ സ്‌റ്റോറുകൾ

റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുന്ന പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം മേത്തോട്ട് താഴത്ത് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ നിർവഹിക്കുന്നു. മേയർ ഡോ. ബീന ഫിലിപ്പ് സമീപം


 കോഴിക്കോട്  അരിയും മണ്ണെണ്ണയും മാത്രം വാങ്ങാവുന്ന പഴഞ്ചൻ റേഷന്‍ കടകളുടെ കാലം കഴിഞ്ഞു. പാല്‍, ​പാചകവാതക സിലിണ്ടര്‍ മുതല്‍  ബാങ്ക് ഇടപാടുകള്‍വരെ നടത്താന്‍ കെല്‍പ്പുള്ളതാവുകയാണ്‌  റേഷന്‍ കടകള്‍.   റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് കൂടുതൽ സേവനങ്ങൾ എത്തിക്കുന്ന കെ- സ്റ്റോർ (കേരള സ്റ്റോർ) ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. 10 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മാറ്റുന്നതിന്റെ ജില്ലാ  ഉദ്ഘാടനം മേത്തോട്ട് താഴം റേഷൻകടയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. പൊതുവിതരണ ശൃംഖലയെ നിലനിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മന്ത്രി പറഞ്ഞു.  ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 108 റേഷൻകടകളാണ് ഇത്തരത്തിൽ കെ സ്റ്റോറുകളാക്കി മാറ്റുന്നത്.  രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ ബാങ്കുകൾ, അക്ഷയകേന്ദ്രം, മാവേലി സ്റ്റോർ എന്നിവ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 14,000 റേഷൻ കടകളും സ്മാർട്ടാക്കുകയാണ് ലക്ഷ്യം.  300 ചതുരശ്ര അടി വിസ്‌തീർണമുള്ള റേഷൻ കടകളാണ് നിലവിൽ കെ-സ്റ്റോറിനായി പരിഗണിക്കുന്നത്.   കോർപറേഷൻ കൗൺസിലർ എം പി സുരേഷ്, ഡിവൈസി ആർ മോളി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ലത സ്വാഗതവും സിറ്റി റേഷനിങ് ഓഫീസർ പി പ്രമോദ്  നന്ദിയും പറഞ്ഞു.  സേവനങ്ങൾ 10,000 രൂപ വരെയുള്ള ബാങ്കിങ് സേവനം. കറന്റ്‌ ബിൽ, വാട്ടർ ബിൽ തുടങ്ങിയ യൂട്ടിലിറ്റി സേവനങ്ങൾ. സപ്ലൈകോ- ശബരി ഉല്‍പ്പന്നങ്ങൾ  ലഭിക്കും.  മിൽമയുടെ പാൽ, തൈര്, ഐസ്ക്രീം തുടങ്ങിയ ഉല്‍പ്പന്നങ്ങൾ  5 കിലോയുടെ ചോട്ടു ഗ്യാസ്, ആധാർ, പെൻഷൻ, ഇൻഷുറൻസ് സേവനം, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ കോമൺ സർവീസ് സെന്റർ (സിഎസ് സി) സേവനങ്ങളെല്ലാം കെ- സ്റ്റോർ വഴി ലഭ്യമാക്കും. മാവേലി സ്റ്റോറുകൾവഴി നൽകിയിരുന്ന  13 സബ്‌സിഡി സാധനങ്ങളും ഭാവിയിൽ കെ- സ്റ്റോറുകൾ വഴി നല്‍കും. Read on deshabhimani.com

Related News