ഉയരങ്ങൾ കീഴടക്കാം
കോഴിക്കോട് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉയരങ്ങൾ കീഴടക്കാൻ ‘സ്‌പെക്’ പരിശീലന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. സങ്കേതികവിദ്യയിലും സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുമൊപ്പം ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കും ഇന്ത്യക്കകത്തും പുറത്തുമുള്ള സർവകലാശാല പ്രവേശനത്തിനും വിദേശഭാഷകളിലുമാണ് പരിശീലനമൊരുക്കുക. എട്ടാം ക്ലാസിലെയും പ്ലസ് വണ്ണിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അഞ്ചുവർഷം തുടർച്ചയായി ഓഫ് ലൈനിലും ഓൺലൈനിലുമാണ് പരിശീലനം. അമിതഭാരമാവാതെ ഹൈസ്കൂൾ തലം മുതൽ സിവിൽ സർവീസ് ലക്ഷ്യംവച്ചുകൊണ്ടുള്ള പരിശീലനമൊരുക്കിയാൽ നമ്മുടെ കുട്ടികൾക്കും ഈ മേഖലയിലേക്ക് കടന്നുവരാം. ചിട്ടയായ പഠനവും കഠിനമായ തയ്യാറെടുപ്പുമൊരുക്കി കുട്ടികളെ പ്രാപ്‌തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്ര സാങ്കേതിക മേഖലകളിലുള്ള രാജ്യത്തെ മികച്ച സ്ഥാപനങ്ങൾ പഠിതാക്കളെ തെരഞ്ഞെടുക്കുന്നത് പ്രത്യേക പരീക്ഷകളിലൂടെയാണ്. പഠിതാവിന്റെ അഭിരുചിയും ബുദ്ധിശക്തിയും വിലയിരുത്തി നൈപുണികൾ പരിശോധിച്ചാണ് പ്രവേശനം. ഇതിനായും കുട്ടികളെ സജ്ജമാക്കും. ഉന്നത സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം ദേശീയ ടെസ്റ്റിങ് ഏജൻസിയായ എൻടിഎ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് വഴിയാണ് നടക്കുന്നത്. ഇത്തരം പ്രവേശന പരീക്ഷകൾക്ക് പ്രത്യേക പരിശീലനവും വിദേശത്തുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പ്രവേശനത്തെക്കുറിച്ച് മാർഗനിർദേശവും നൽകും. ലോകത്തെ മറ്റു സംസ്കാരങ്ങളെ അടുത്തറിയാനും അത്തരം രാജ്യങ്ങളിലെ തൊഴിൽമേഖലയിലേക്ക് പ്രവേശനം നേടാനും വിദേശഭാഷ സ്വായത്തമാക്കാൻ പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. ഒരു വർഷം 150 വിദ്യാർഥികൾക്ക് പരിശീലനം നൽകും. ഇവരെ വിദ്യാലയത്തിലെ പ്രത്യേകമായ തെരഞ്ഞെടുപ്പ് വഴി കണ്ടെത്തും. സിവിൽ സർവീസിനും ശാസ്ത്രസാങ്കേതിക മേഖലയിലെ പരിശീലനത്തിനും എട്ടാംക്ലാസ് മുതലുള്ള കുട്ടികളെയും യൂണിവേഴ്സിറ്റികളിലേക്കുള്ള പരിശീലനത്തിന് പ്ലസ് വൺ വിദ്യാർഥികളെയുമാണ് പരിഗണിക്കുക. തെരഞ്ഞെടുക്കാൻ പ്രത്യേക സെലക്‌ഷൻ കമ്മിറ്റിയും ഓരോ വിഭാഗത്തെ നയിക്കാൻ അഡ്വൈസറി കമ്മിറ്റിയുമുണ്ടാവും. Read on deshabhimani.com