അങ്കണവാടിയുടെ ജനൽച്ചില്ലുകൾ 
തകർത്ത നിലയിൽ

മുണ്ടക്കുറ്റി അനശ്വര അങ്കണവാടിയുടെ ജനൽ സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ


കുറ്റ്യാടി മരുതോങ്കര മുണ്ടക്കുറ്റി കനാൽ പാലത്തിനടുത്തുള്ള അനശ്വര അങ്കണവാടിയുടെ ജനൽച്ചില്ലുകൾ തകർത്തതായി പരാതി. ബുധൻ രാവിലെ ഒമ്പതിന്‌ അങ്കണവാടി ജീവനക്കാർ എത്തി മുൻവശത്തെ വാതിൽ തുറന്നപ്പോഴാണ് ചില്ലുകൾ തകർന്നുകിടക്കുന്നത് കണ്ടത്. ഏതാനുംനാൾ മുമ്പാണ് മുണ്ടക്കുറ്റി ശ്രീ അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്‌. ഈ സംഭവം തൊട്ടിൽപ്പാലം പൊലീസ്  അന്വേഷിച്ച് വരുന്നതിനിടയിലാണ് ഏതാനും മീറ്റർ മാത്രം അകലെയുള്ള അങ്കണവാടിക്കുനേരെ ആക്രമണമുണ്ടായത്‌. പ്രദേശത്ത് തുടർച്ചയായി സ്ഥാപനങ്ങൾക്കുനേരെയും മറ്റും നടന്നുവരുന്ന ഇത്തരം സംഭവങ്ങൾ പരിസരവാസികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്‌. മുണ്ടക്കുറ്റിയിൽ നടക്കുന്ന ഇത്തരം സംഭവങ്ങളിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ സജിത്തും സെക്രട്ടറി ടി വി സുജിത്തും ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർ തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകി. ഇ കെ വിജയൻ എംഎൽഎ സ്ഥലം സന്ദർശിച്ചു. കർശന നടപടി 
സ്വീകരിക്കണം: 
സിപിഐ എം മരുതോങ്കര  മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി കേന്ദ്രീകരിച്ച് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അടിയന്തര നിയമനടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സിപിഐ എം മരുതോങ്കര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പാണ് മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രത്തിലെ കൽവിളക്കുകൾ അർധരാത്രിയിൽ തകർക്കപ്പെട്ടത്. 
    അതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് മുണ്ടക്കുറ്റി അങ്കണവാടിക്കുനേരെ ആക്രമണമുണ്ടായത്. പ്രദേശത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News