പുതുജീവനിലേക്ക്‌ കല്ലായിപ്പുഴ

ചെളി നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട കല്ലായിപ്പുഴ


സ്വന്തം ലേഖകൻ കോഴിക്കോട്  ചെളിയും മാലിന്യവും നിറഞ്ഞ്‌ ഒഴുക്കുകുറഞ്ഞ കല്ലായിപ്പുഴ പുതുജീവനിലേക്ക്‌. പുഴയുടെ പുനരുജ്ജീവന പ്രവൃത്തികൾക്ക്‌ 22ന്‌ തുടക്കമാകും. ആഴം കൂട്ടൽ പ്രവൃത്തി 22ന്‌ വൈകിട്ട്‌ നാലിന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനംചെയ്യും. പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. കേരളത്തിലെ മലിനീകരിക്കപ്പെട്ട പുഴകളുടെ പട്ടികയിൽ ഒന്നാമതുണ്ടായ കല്ലായിപ്പുഴയെ വീണ്ടെടുക്കാനുള്ള കോർപറേഷന്റെയും സർക്കാരിന്റെയും ഇടപെടലാണ്‌ ഇതോടെ പുതിയ തലത്തിലേക്ക്‌ കടക്കുന്നത്‌. അടിഞ്ഞുകൂടിയ ചെളിയുടെ അളവ്‌ കണ്ടെത്താനുള്ള സർവേയാണ്‌ ആദ്യം നടക്കുക. ഇത്‌ ഒന്നര മാസംകൊണ്ട്‌ പൂർത്തിയാക്കി ആഴംകൂട്ടൽ തുടങ്ങും. പുഴയിലെ മരത്തടികൾ കച്ചവടക്കാർതന്നെ നീക്കും. പ്രവൃത്തിക്ക് 12.98 കോടി രൂപയുടെ ‍ടെൻഡറിന്‌ ജൂലൈയിലാണ്‌ അനുമതിയായത്‌. കടുപ്പിനി മുതൽ കോതി വരെയുള്ള 4.2 കിലോമീറ്ററിലെ അടിഞ്ഞുകൂടിയ എക്കൽ, ചെളി, മരത്തടികൾ, മാലിന്യം എന്നിവ നീക്കംചെയ്താണ്‌ പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുക. കല്ലായിപ്പുഴ ആഴം കൂട്ടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിനും ഒരുപരിധിവരെ പരിഹാരമാകും. ചെളിയടിഞ്ഞ്‌ തിട്ട രൂപപ്പെട്ടതിനാലുണ്ടാകാറുള്ള തോണി അപകടങ്ങളും ഇല്ലാതാവും. കോർപറേഷന്റെയും അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെയും നിരന്തര ഇടപെടലിന്റെ ഫലമായാണ്‌ പദ്ധതി യാഥാർഥ്യമാകുന്നത്‌. റിവർ മാനേജ്‌മെന്റ്‌ ഫണ്ടിൽ 4.5 കോടി രൂപ‌ക്കാണ്‌ ആദ്യം പദ്ധതി ആവിഷ്‌കരിച്ചത്‌. എന്നാൽ ഈ തുകയ്‌ക്ക്‌ പണി ചെയ്യാനാവില്ലെന്ന്‌ കരാറുകാർ അറിയിച്ചതോടെ പ്രവൃത്തി നടന്നില്ല. പിന്നീട്‌ പലവട്ടം ടെൻഡർ നടത്തിയെങ്കിലും ഫലംകണ്ടില്ല. 7.9 കോടി രൂപ അനുവദിച്ച് അ‍ഞ്ചുതവണ നടത്തിയ ടെൻഡറിലും ആരും പ്രവൃത്തി ഏറ്റെടുത്തില്ല. അടിഞ്ഞുകൂടിയ ചെളി കടലിൽ തള്ളാനും പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ളവ നീക്കാനും  സിഡബ്ല്യുആർഡിഎം നടത്തിയ പഠനവും നിർദേശിച്ചു. തുടർന്ന്‌ ഈ വർഷം 5.07 കോടി രൂപ അധികം നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ജൂലൈയിൽ ജലസേചന വകുപ്പ് ടെൻഡറിന്‌ അനുമതി നൽകിയതോടെ നടപടി വേ​ഗത്തിലായി. പ്രവൃത്തി ഉദ്‌ഘാടനത്തിന്റെ ഭാഗമായി വിവിധ രാഷ്‌ട്രീയ പാർടി, സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്ന്‌ സ്വാഗതസംഘം രൂപീകരിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ ഉദ്‌ഘാടനംചെയ്‌തു. മരാമത്ത്‌ സമിതി അധ്യക്ഷൻ പി സി രാജൻ അധ്യക്ഷനായി. നാടൊന്നാകെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക്‌ പിന്തുണ അറിയിച്ചു.    Read on deshabhimani.com

Related News