ഓണം വിപണന മേള: കുടുംബശ്രീ നേടിയത്‌ 2.59 കോടി



കോഴിക്കോട്‌ ഓണത്തിന്‌ നാടെങ്ങും വിപണന മേളകൾ നടത്തി കുടുംബശ്രീ നേടിയത്‌  2,59,66,983 രൂപയുടെ വിറ്റുവരവ്‌. ജില്ലയിലെ 144 വിപണന മേളകളിൽ നിന്നാണ്‌ ഇത്രയും കച്ചവടം. പലഹാരങ്ങൾ, പൊടികൾ, അച്ചാറുകൾ, സൗന്ദര്യവർധക വസ്‌തുക്കൾ, പച്ചക്കറികൾ, പൂക്കൾ തുടങ്ങി കുടുംബശ്രീ അംഗങ്ങളുണ്ടാക്കിയ ഉൽപ്പന്നങ്ങളാണ്‌ വിൽപ്പനയിൽ മുന്നിൽ.  കഴിഞ്ഞ വർഷത്തേക്കാൾ ചന്തകളുടെ എണ്ണം കൂടിയത്‌ വിറ്റുവരവിലും നേട്ടമുണ്ടാക്കി.   82 സിഡിഎസുകളാണ്‌ ജില്ലയിലുള്ളത്‌. കഴിഞ്ഞവർഷം സിഡിഎസ്‌ തലത്തിൽ ഒന്ന്‌ എന്ന രീതിയിലായിരുന്നു എങ്കിൽ ഇത്തവണ പലേടത്തും രണ്ട്‌ ചന്തകളുണ്ടായി. കൃഷിയിറക്കുന്ന  1432 ജോയിന്റ്‌ ലയബിലിറ്റി യൂണിറ്റുകളും 3076 ഉൽപ്പന്ന യൂണിറ്റുകളും മേളകളിൽ സജീവമായിരുന്നു.  ഇതിനുപുറമെ വിവിധ അയൽക്കൂട്ടങ്ങളും ഉൽപ്പന്നങ്ങളുമായി മേളയിലുണ്ടായി. കഴിഞ്ഞ വർഷത്തേക്കാൾ 12 ലക്ഷം രൂപയുടെ അധിക കച്ചവടമുണ്ടായി. 2023ൽ 2.47 കോടി രൂപയായിരുന്നു വിറ്റുവരവ്‌. തുണിത്തരങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ, കരകൗശല വസ്‌തുക്കൾ തുടങ്ങി വ്യത്യസ്‌തമായ സാധനങ്ങൾ രണ്ടാഴ്‌ചയോളം നീണ്ട മേളകളുടെ പ്രത്യേകതയായിരുന്നു.   പൂ കൃഷിയിലൂടെ 14 ലക്ഷം  തരിശ്‌ ഭൂമിയിൽ പൂ കൃഷി ഇറക്കി 14,04,562 രൂപ വിളവെടുത്ത്‌ കുടുംബശ്രീ അംഗങ്ങൾ. ജില്ലയിൽ 102.15 എക്കർ സ്ഥലത്ത്‌ കൃഷിയിറക്കി 25,537 കിലോ പൂക്കളാണ്‌ ഓണവിപണിയിലെത്തിച്ചത്‌. മുൻ വർഷത്തേക്കാൾ ഇരട്ടിയിലേറെയാണ്‌ കുതിപ്പ്‌. കഴിഞ്ഞവർഷം 37.94 ഏക്കറിലായിരുന്നു കൃഷി. ഗ്രാമീണ മേഖലകളിൽ പൂക്കളമൊരുക്കാൻ കുടുംബശ്രീ പൂക്കൾ നന്നായി  ഉപയോഗിച്ചിരുന്നു. കൂടുതൽ വിപണികൾ കണ്ടെത്താനായതും അനുകൂലമായി. Read on deshabhimani.com

Related News