റിസ്വാനക്ക്‌ ‘പുല്ലാ’ണ്‌ 
ക്യാൻവാസ്‌

സ്വന്തമായി തയ്യാറാക്കിയ ക്യാൻവാസിൽ വരച്ച ചിത്രത്തിനരികിൽ റിസ്വാന


കോഴിക്കോട് നേരം വെളുത്താൽ പറമ്പിലേക്കിറങ്ങി പുല്ലും കല്ലും കരിയിലയുമെല്ലാം തപ്പിയെടുക്കും. ഒരുദിവസം മുഴുവൻ ഇവ വെള്ളത്തിലിട്ടശേഷം തിളപ്പിച്ച്, അരിച്ച്, ഉണക്കിയെടുക്കും. കടുത്ത വർണങ്ങളാൽ മാത്രമല്ല, പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നുള്ള കലയിലൂടെയുമാണ് റിസ്വാന ഖാലിദ് എന്ന യുവ ചിത്രകാരി വേറിട്ടുനിൽക്കുന്നത്.   കാലം മാറിയതനുസരിച്ച് പുതുമയുള്ള ക്യാൻവാസുകൾ പലതുമെത്തിയെങ്കിലും റിസ്വാനക്ക്‌ ഇന്നും പ്രിയം സ്വന്തമായി തയ്യാറാക്കുന്ന കടലാസിൽ വർണങ്ങൾ ചാലിക്കാനാണ്. നേർത്ത പുല്ലും കരിയിലകളുമെല്ലാം പല ഘട്ടങ്ങളായി ഉണക്കിയെടുത്താണ് ഈ ഇരുപത്തിയഞ്ചുകാരി ചിത്രകലയിൽ തന്റേതായ ഇടം കണ്ടെത്തിയത്.  ‘യാത്രപോകാനും പ്രകൃതിയെ അറിയാനും ഏറെ ഇഷ്ടമാണ്. യാത്രക്കിടയിൽ മനസ്സിൽ പതിയുന്ന ദൃശ്യങ്ങളാണ് ക്യാൻവാസിൽ പകർത്താറുള്ളത്. എന്റെ ക്യാൻവാസ് ഞാൻ തന്നെയാണ് തയ്യാറാക്കാറ്. ക്യാൻവാസ് മാത്രമല്ല, പെയിന്റും. കല്ല് പൊടിച്ചും ചീരയും ബീറ്റ്റൂട്ടും മഞ്ഞളുമെല്ലാം അരിച്ചെടുത്തുമാണ് പ്രകൃതിദത്തമായ പെയിന്റ് നിർമിക്കുന്നത്. പ്രകൃതിയുടെ തനതായ വഴിയെ പോകുന്നതാണ് സംതൃപ്തി നൽകുന്നത്''–-റിസ്വാന പറഞ്ഞു.  തൃശൂർ കേച്ചേരി സ്വദേശിനിയായ റിസ്വാനയുടെ ചിത്രങ്ങൾ ലളിതകലാ അക്കാദമി ആർട്ട്‌ ​ഗ്യാലറിയിൽ പ്രദർശനത്തിനുണ്ട്. അഞ്ച്‌ വയസ്സ്‌ മുതൽ ചിത്രകലയോട് തോന്നിയ താൽപ്പര്യം പിന്നീട് സ്വയം തേച്ചുമിനുക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ഒപ്ടോമെട്രിസ്റ്റ് ആയിരുന്ന റിസ്വാന ചിത്രകലയാണ് തന്റെ മേഖലയെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. Read on deshabhimani.com

Related News