കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കി പണം തട്ടിയതായി പരാതി
കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലെ പീടികയിൽ കാറിനുള്ളിൽ യുവാവിനെ ബന്ദിയാക്കിയ നിലയിൽ കണ്ടെത്തി. ശനി വൈകിട്ടാണ് മുളകുപൊടിയിൽ കുളിച്ച് കയറുകൊണ്ട് ബന്ധിച്ച നിലയിൽ പയ്യോളി ബീച്ചിലെ സുഷാന മൻസിൽ സുഹൈലിനെ നാട്ടുകാർ റോഡരികിലെ കാറിൽ കണ്ടത്. കാറിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ അക്രമികൾ തട്ടിയെടുത്തതായി ഇയാൾ പൊലീസിനെ അറിയിച്ചു. ഇന്ത്യ വൺ എടിഎം യന്ത്രത്തിൽ നിറയ്ക്കാൻ കൊണ്ടുപോയ പണമാണ് അജ്ഞാതൻ തട്ടിയെടുത്തതെന്നാണ് പൊലീസിന് മൊഴി നൽകിയത്. കാറിനുള്ളിൽനിന്ന് യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ഉടൻ സ്ഥലത്തെത്തി. മുഖത്തും കാറിലെ സീറ്റിലും മുളകുപൊടി വിതറിയ നിലയിലാണ്. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സാധാരണ എടിഎം മെഷീനിൽ പണം നിക്ഷേപിക്കുന്ന ഏജൻസി വലിയ സുരക്ഷാ സന്നാഹത്തോടെയാണ് പണം കൊണ്ടുപോവുക. കാറിനുള്ളിൽ യുവാവിനെ പിൻസീറ്റിൽ ഒറ്റയ്ക്കാണ് കണ്ടത്. Read on deshabhimani.com