ജില്ലാ സ്കൂൾ കായികോത്സവത്തിന് നാളെ തുടക്കം
കോഴിക്കോട് 66–--ാമത് ജില്ലാ സ്കൂൾ കായികോത്സവത്തിന് തിങ്കളാഴ്‌ച കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. രാവിലെ എട്ടിന് ദീപശിഖ സ്‌റ്റേഡിയത്തിൽ എത്തുന്നത്തോടെ മൂന്നുദിവസത്തെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിക്കും. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് ട്രാക്ക് ഉണരുക. രാവിലെ ഒമ്പതിന് ഡിഡിഇ സി മനോജ്‌കുമാർ പതാക ഉയർത്തും. രാവിലെ 10ന് മന്ത്രി പി എ മുഹമ്മദ് റിയാസ് മേള ഉദ്‌ഘാടനംചെയ്യും. 23ന് സമാപിക്കുന്ന കായികോത്സവത്തിൽ ആറ് വിഭാഗങ്ങളിലായി 102 മത്സര ഇനങ്ങളാണുള്ളത്. 17 സബ്ജില്ലയിൽനിന്നുമായി 3500 വിദ്യാർഥികൾ മത്സരിക്കും. ആദ്യദിനമായ തിങ്കളാഴ്‌ച 22 ഫൈനൽ നടക്കും. ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂളിലെ പരേതനായ കായിക അധ്യാപകൻ വള്ളിയോട് പി അലിയുടെ വീട്ടിൽനിന്നാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. സമാപന സമ്മേളനം 23ന് പകൽ 3.30ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യും. കഴിഞ്ഞ വർഷം ഉപജില്ലയിൽ മുക്കവും സ്‌കൂളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സുമായിരുന്നു ചാമ്പ്യൻമാർ. കായികോത്സവത്തിന്റെ ഗെയിംസ് മത്സരങ്ങൾ ജൂലൈ മുതൽ വിവിധ വേദികളിൽ നടക്കുന്നുണ്ട്. നവംബർ നാലുമുതൽ 11 വരെ എറണാകുളത്താണ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്. Read on deshabhimani.com