മെഡി. കോളേജ് ആശുപത്രിയിലും ഇ ഹെല്‍ത്ത്



കോഴിക്കോട് സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ ഡിജിറ്റലാകുന്ന ഇ  ഹെൽത്ത് സംവിധാനം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും. ട്രയൽ റൺ ശനിയാഴ്ച ആരംഭിച്ചു. ആദ്യദിനത്തിൽ രജിസ്ട്രേഷൻ നടപടികളാണ് തുടങ്ങിയത്. മുൻകൂർ പ്രവേശനം, അഡ്മിറ്റ്, ഡിസ്ചാർജ്, ബില്ലിങ്, ലാബ് സൗകര്യം തുടങ്ങിയ സേവനങ്ങൾ മൂന്ന് മാസത്തിനകം ഇ ഹെൽത്തിലേക്ക്‌ മാറ്റും.  ജില്ലയിലെ 64 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനമുണ്ട്‌.  കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ്, ബീച്ച്‌ ജനറൽ ആശുപത്രി, വടകര ജില്ലാ ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ നേരത്തെ ഇ  ഹെൽത്ത് സൗകര്യമൊരുക്കിയിരുന്നു.    ജില്ലയിൽ 71,89,766 പേർ പദ്ധതിയുടെ ഭാ​ഗമായി. 19,95,108 പേർ സ്ഥിരം യൂണിക്‌ ഹെൽത്ത് ഐഡന്റിഫിക്കേഷൻ കാർഡ് (യുഎച്ച്ഐഡി) കൈപ്പറ്റി. 51,94,658 പേർ താൽക്കാലിക രജിസ്ട്രേഷൻ നേടി. ആധാർ നമ്പർ ലിങ്ക് ചെയ്താണ് യുഎച്ച്ഐഡി ലഭിക്കുക. ഒപി ടിക്കറ്റെടുക്കുന്നവരിൽ 27.75 ശതമാനം സ്ഥിരം യുഎച്ച്ഐഡി കാർഡുള്ളവരാണ്.   പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, ഫറോക്ക്, കൊയിലാണ്ടി താലൂക്ക് ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഇ ഹെൽത്തുണ്ട്‌.   ഇ ഹെൽത്ത് ഒപി ടിക്കറ്റ്‌ ടോക്കൺ, അപ്പോയിന്റ്‌മെന്റ്, പരിശോധനാ ഫലം, ലാബ് ഫലം, മെഡിക്കൽ റെക്കോഡ് എന്നീ സേവനങ്ങൾ ഇ ഹെൽത്ത് വഴി ഓൺലൈനായി ലഭിക്കും. ലാബ് ഫലം എസ്എംഎസ് ആയും ലഭിക്കും. ജീവിതശൈലീ രോഗനിർണയത്തിന് ശൈലി ആപ്പുമുണ്ട്. ആശുപത്രികൾ പേപ്പർരഹിതമാക്കാനും കൂടുതൽ രോ​ഗീ സൗഹൃദമാക്കുന്നതിനുമായാണ്  ഇ ഹെൽത്ത് ഒരുക്കിയത്‌. പദ്ധതി പൂർണതോതിൽ നടപ്പാകുന്നതോടെ രോ​ഗി ചികിത്സതേടിയതുമുതലുള്ള വിവരം ഡോക്ടറുടെ വിരൽത്തുമ്പിലെത്തും.   യുഎച്ച്ഐഡി രജിസ്റ്റർ ചെയ്യാം   ഇ ഹെൽത്ത് സേവനങ്ങൾക്ക്‌ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ (യുഎച്ച്ഐഡി) ഉണ്ടാക്കണം. https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി ആധാർ നമ്പർ നൽകി രജിസ്‌റ്റർ ചെയ്യാം. ആധാർ രജിസ്‌റ്റർ ചെയ്ത നമ്പറിൽ ഒടിപി വരും. ഈ ഒടിപി നൽകുമ്പോൾ തിരിച്ചറിയൽ നമ്പർ ലഭിക്കും. ആദ്യലോഗിനിൽ 16 അക്ക നമ്പർ തന്നെയാകും ഐഡിയും പാസ്‌വേർഡും. പിന്നീട് പാസ്‌വേർഡ് മാറ്റാം.  ഇതുപയോ​ഗിച്ചാണ് ടോക്കണെടുക്കലും ഡോക്ടറെ കാണലും.   Read on deshabhimani.com

Related News