നിങ്ങൾ തനിച്ചല്ല; കൂടെയുണ്ട് ഞങ്ങൾ
കോഴിക്കോട് സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം മറ്റു വിദ്യാർഥികളും പരസ്പരം കൈപിടിച്ച് "നിങ്ങൾ തനിച്ചല്ല, ഞങ്ങളും കൂടെയുണ്ട്’ എന്ന സന്ദേശമേകി സംഘടിപ്പിച്ച ‘ബഡ്ഡി വാക്ക്' നഗരത്തിന് സ്‌നേഹക്കാഴ്‌ചയായി. 27 മുതൽ 29 വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ സ്പെഷ്യൽ ഒളിമ്പിക്സിന് മുന്നോടിയായാണ് വേറിട്ട പരിപാടി ഒരുക്കിയത്. സിഎസ്‌ഐ പള്ളി പരിസരത്ത് നിന്നാരംഭിച്ച നടത്തം മാനാഞ്ചിറയിൽ സമാപിച്ചു. റൊട്രാക്ട് ക്ലബ് അംഗങ്ങളും കുട്ടികളും ചേർന്ന് മാനാഞ്ചിറയിൽ കലാപരിപാടികൾ അവതരിപ്പിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്‌തു. 2024 ഭിന്നശേഷി പുരസ്‌കാര ജേതാവായ ബി അനു, ഭിന്നശേഷി വിഭാഗത്തിലെ ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യനായ കെ കെ അനുഷ് എന്നിവർ സ്പെഷ്യൽ ഒളിമ്പിക്സിന്റെ ഔദ്യോഗിക ജഴ്സി പ്രകാശിപ്പിച്ചു. മോട്ടിവേഷണൽ സ്പീക്കർ ശിഹാബ് പൂക്കോട്ടൂർ, ദേശീയ പാരാലിമ്പിക് ജേതാവ് അസീം വെളിമണ്ണ എന്നിവർ വിശിഷ്ടാതിഥികളായി. കോർപറേഷൻ സ്ഥിരംസമിതി അംഗങ്ങളായ പി ദിവാകരൻ, പി കെ നാസർ, സ്പോർട്സ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി പി ദാസൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, കൗൺസിലർ ടി രനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ്, കമാൽ വരദൂർ, ഷെറീൻ താരിക്ക്, ജാസിം അറക്കൽ, ഡോ. പാട്രിക്ക് മക്കർണി എന്നിവർ സംസാരിച്ചു. സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം കെ ജയരാജ് സ്വാഗതവും ഫാ. റോയ് കണ്ണഞ്ചിറ നന്ദിയും പറഞ്ഞു. Read on deshabhimani.com