പാടി ആദരവേകി എംഎൽഎമാർ
കോഴിക്കോട് ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ പുഞ്ചിരിച്ചു... ഈറൻമുകിൽ മാലകളിൽ ഇന്ദ്രധനുസ്സെന്നപോലെ... പ്രസംഗം മാത്രമല്ല, സംഗീതവും തനിക്ക് വഴങ്ങുമെന്ന് സദസ്സിന് മുമ്പിൽ തെളിയിച്ച് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ. കോഴിക്കോട്ടെ സംഗീത പ്രേമികളുടെ കൂട്ടായ്മ ‘നൊസ്റ്റാൾജിയ’ ശ്രീകുമാരൻ തമ്പിക്കും ഹരിപ്പാട് കെ പി എൻ പിള്ളയ്ക്കും ഒരുക്കിയ ആദരം ചന്ദ്രകാന്തം പരിപാടിയിലായിരുന്നു ജനപ്രതിനിധികളുടെ ആലാപനം. ‘ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു’ ഡെയ്ഞ്ചർ ബിസ്കറ്റ് ചിത്രത്തിലെ ഗാനമാലപിച്ച് എം കെ മുനീർ എംഎൽഎയും കൈയടി വാങ്ങി. നൊസ്റ്റാൾജിയയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അംഗങ്ങൾ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ആലപിച്ചു. ശ്രീകുമാരൻ തമ്പിക്ക് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഫലകം കൈമാറി. കെ പി എൻ പിള്ളയെ ശ്രീകുമാരൻ തമ്പി പൊന്നാടയണിയിച്ചു. ഡോ. കെ പി ബാലകൃഷ്ണൻ, എൻ നരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു. അഡ്വ. പി ഹാരിസ് സ്വാഗതവും ചിത്ര രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com