പിടിച്ചു കെട്ടാൻ ഒരുമയോടെ...

നിപാ സ്ഥിരീകരിച്ച കുട്ടിയുടെ കൂട്ടിരുപ്പുകാരെ 
നിപാ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നു


കോഴിക്കോട്‌ കേരളത്തിൽ ആദ്യമായി നിപാ സ്ഥിരീകരിച്ച്‌ ഏഴുവർഷം പിന്നിടുമ്പോൾ രണ്ടുതവണ ഒഴികെ അഞ്ചുവർഷവും പിടിവിടാതെ തുടരുകയാണ്‌ നിപാ. ഇത്തവണ  മലപ്പുറത്തെ പതിനാലുകാരനാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 2019ൽ കൊച്ചി സ്വദേശിക്കായിരുന്നു രോഗമെന്നതൊഴിച്ചാൽ മൂന്നുതവണയും കോഴിക്കോട്ടായിരുന്നു  രോഗബാധ.  നിപായെ പിടിച്ചുകെട്ടിയ മുൻ അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ വലിയ വ്യാപനമില്ലാതെ ഇത്തവണയും അതിജീവിക്കാനാവുമെന്നതാണ്‌ പ്രതീക്ഷ.     സംസ്ഥാനത്ത്‌ ആദ്യമായി 2018ൽ കോഴിക്കോട്‌ പേരാമ്പ്രയിലാണ്‌  നാടിനെ ഭീതിയിലാഴ്‌ത്തി നിപാ സ്ഥിരീകരിച്ചത്‌.  ആദ്യ രോഗി എന്ന്‌ കരുതുന്ന സാബിത്തും നഴ്‌സ്‌ ലിനിയും ഉൾപ്പെടെ 17പേരുടെ ജീവനാണ്‌  നിപായുടെ  ആദ്യ പ്രഹരത്തിൽ പൊലിഞ്ഞത്‌.  രോഗം സ്ഥിരീകരിക്കാനായില്ലെങ്കിലും നിപാ സംശയിക്കുന്ന നാല്‌ മരണങ്ങൾ വേറെയുമുണ്ടായി. രണ്ടുപേരാണ്‌ അന്ന്‌ അതിജീവിച്ചത്‌.  ആദ്യ അനുഭവമായിട്ടും ലോകംതന്നെ അഭിനന്ദിച്ച  പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൂടുതൽ വ്യാപനമില്ലാതെ രോഗത്തെ പിടിച്ചുകെട്ടാൻ ആരോഗ്യകേരളത്തിനായി.      2019ൽ കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും മരണമുണ്ടായില്ല. മറ്റാരിലേക്കും  പകർച്ച ഇല്ലാതെ  അതിജീവിക്കാനുമായി.  2021ൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിലാണ് നിപയുടെ മൂന്നാം  പ്രഹരമുണ്ടായത്‌. പന്ത്രണ്ടുവയസ്സുകാരന്റെ ജീവൻ നഷ്‌ടപ്പെട്ടുവെങ്കിലും കൂടുതൽ പേരിലേക്ക്‌ രോഗബാധയില്ലാതെ തടയാനായി.   2023 ആഗസ്‌ത്‌ –-സെപ്തംബർ മാസങ്ങളിലായി കോഴിക്കോട്ടെ കുറ്റ്യാടിക്കടുത്ത്  രോഗം വന്ന്‌ രണ്ടുപേർ മരിച്ചുവെങ്കിലും പന്ത്രണ്ടുകാരനെ ഉൾപ്പെടെ ജീവിതത്തിലേക്ക്‌  തിരിച്ചുകൊണ്ടുവരാനായി.      വവ്വാലിന്റെ പ്രജനന കാലമായ മെയ്‌ മുതൽ നവംബർ വരെയുള്ള സമയത്താണ്‌ നിപാ രോഗം കണ്ടുവരുന്നത്‌. എങ്കിലും  ആദ്യ രോഗിയിൽ രോഗമെത്തുന്ന വഴി ഇനിയും കണ്ടെത്താനായിട്ടില്ല. നിപാ പ്രതിരോധത്തിൽ അന്താരാഷ്‌ട്ര ഗവേഷണ കേന്ദ്രത്തിന്‌ തുടക്കമിട്ടതുൾപ്പെടെയുള്ള ഒട്ടേറെ ഇടപെടലുകളാണ്‌ ആരോഗ്യവകുപ്പ്‌ നടത്തുന്നത്‌. മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ച നിപാ ഗവേഷണ കേന്ദ്രം ഒട്ടേറെ പഠനങ്ങളാണ്‌ രോഗ പ്രതിരോധം സംബന്ധിച്ച്‌ നടത്തുന്നത്‌. നിപാ സാധ്യത പരിഗണിച്ച്‌ കോഴിക്കോട്‌ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എല്ലാ വർഷവും ഈ സീസണിൽ വവ്വാലുകളിൽനിന്ന്‌ സാമ്പിളെടുത്ത്‌ പരിശോധിക്കുന്നുണ്ട്‌.  താഴേ തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളിലും സംശയകരമായ ലക്ഷണങ്ങൾ കണ്ടാൽ നിപാ പരിശോധനയും നടത്തുന്നുണ്ട്‌.   Read on deshabhimani.com

Related News