"നെറ്റ് സീറോ കാർബൺ കേരളം' ഞങ്ങളുടെ ഉത്തരവാദിത്വം

ഊർജ സംരക്ഷണ വിഷയത്തിൽ ഇലക്ട്രിസിറ്റി എൻജിനിയർ ദിപിൻ ദാസ് കുട്ടികളുമായി സംവദിക്കുന്നു


സ്വന്തം ലേഖകൻ വടകര ‘ടിവി കണ്ടുകൊണ്ടിരിക്കെ റിമോട്ടിൽ ഓഫ് ആക്കി സ്വിച്ച് ഓഫാക്കാതെ ഉറങ്ങാൻ പോകുന്നവരാണോ നിങ്ങൾ. മൊബൈൽ ചാർജ് ചെയ്ത് സ്വിച്ച് ഓഫ് ആക്കാതെ മൊബൈൽ വേർപെടുത്തി സംസാരിക്കുന്നവരാണോ. ഒരു ദിവസം ഒരു യൂണിറ്റ് വൈദ്യുതി പാഴായിപ്പോവാതെ സംരക്ഷിച്ചാൽ നമുക്ക് എത്ര വൈദ്യുതി ലാഭിക്കാൻ കഴിയും? നാം അറിഞ്ഞോ അറിയാതെയോ വൈദ്യുതി പാഴായിപ്പോകുന്നത് എങ്ങനെയെന്ന്‌ വിശദീകരിക്കുകയായിരുന്നു ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനിയർ ദിപിൻദാസ്.  നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ സംഘടിപ്പിച്ച ‘മ്മളെ വടേരക്കായ് ഞങ്ങളും കൂടി' ദ്വിദിന ക്യാമ്പാണ്‌  കുട്ടികൾക്ക്‌ വ്യത്യസ്‌തമായ അറിവ്‌ പകർന്നത്‌.     അനുരാഗ് എടച്ചേരി മഞ്ഞുരുക്കൽ പ്രവർത്തനം രസകരമായി നടത്തി. പരിസ്ഥിതി സംരക്ഷണം, പ്രകൃതി ദുരന്തങ്ങളെ നേരിടൽ എന്നിവയിലും സെഷനുകളുണ്ടായി. ‘സീറോ കാർബൺ കുട്ടികളിലൂടെ’ എന്ന വിഷയത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി ടി പ്രസാദ്  സംവദിച്ചു. കേരളം മിഷൻ റിസോഴ്സ് പേഴ്സൺ കെ ഷിബിൻ മാലിന്യസംസ്‌കരണത്തിന്റെ പാഠങ്ങൾ പകർന്നു. നഗരസഭ ഗ്രീൻ ടെക്നോളജി സെന്റർ, മിനി ഗോവ എന്നിവ സന്ദർശിച്ചു. രണ്ടാംദിനം കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയത്തിൽ ക്വിസ് മത്സരം നടന്നു.  സമാപന പരിപാടി  ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനംചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക്‌ വടകര നഗരസഭയുടെ നെറ്റ് സീറോ കാർബൺ സ്റ്റുഡൻസ് അംബാസിഡർ പദവി നൽകി. Read on deshabhimani.com

Related News