ബേപ്പൂർ പോർട്ട് ജങ്ഷനിലെ സ്തൂപം തകർച്ചാഭീഷണിയിൽ

ബേപ്പൂർ പോർട്ട് ജങ്ഷനിലെ തകർന്നുവീഴാറായ സ്തൂപം


ബേപ്പൂർ  ബേപ്പൂർ പോർട്ട് ജങ്ഷനിലെ നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ള കൂറ്റൻ സ്തൂപം ഏതുനിമിഷവും നിലംപതിക്കാറായ അവസ്ഥയിൽ. 12 അടിയോളം പൊക്കമുള്ള സ്തൂപത്തിന്റെ ഭാരമേറിയ മുകൾഭാഗം കാലപ്പഴക്കത്താൽ പൂർണമായും ഇളകിയതിനാൽ അപകടഭീഷണിയും നിലനിൽക്കുന്നു. ബേപ്പൂർ തുറമുഖം നിർമാണത്തിന്റെ ഭാഗമായാണ്‌ ഇത്‌ സ്ഥാപിച്ചത്‌. നൂറ്റാണ്ടുകൾക്കുമുമ്പ്‌ അറബ്, യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ്‌ ഈ സ്മാരകം.  സ്‌തൂപത്തിന്റെ പരിസരത്ത് വലിയ തണൽമരമുള്ളതിനാൽ ആളുകൾ ഒത്തുകൂടുന്ന പൊതുഇടം കൂടിയാണിത്‌. സായാഹ്നങ്ങളിൽ നിരവധി പേരാണ്‌ ഇവിടെ എത്താറുള്ളത്‌. ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിർമാണത്തിന്‌ ഇഷ്ടികയാണ് പ്രധാനമായും ഉപയോഗിച്ചത്‌. കോൺക്രീറ്റ് ചെയ്ത ഭാഗത്തെ ഇരുമ്പുകമ്പികൾ തുരുമ്പെടുത്ത് നശിച്ചത്‌ തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു. ഇതിന് മുകളിലേക്ക് മരച്ചില്ലകൾ ചാഞ്ഞുകിടക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. ബേപ്പൂരിന്റെ മുഖമുദ്രയായി കണക്കാക്കുന്നതും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുമായ സ്തൂപത്തിന്റെ അപകടാവസ്ഥ ഒഴിവാക്കി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com

Related News