കൂട്ടുകൃഷിയിൽ കാർഷിക വിപ്ലവം

അരൂരിൽ കൃഷിയിലേർപ്പെട്ട കർഷകർ


സി രാഗേഷ് നാദാപുരം കൂട്ടുകൃഷിയിൽ കാർഷിക വിപ്ലവം തീർത്ത് അരൂരിൽ കർഷകസംഘം നേതൃത്വത്തിലുള്ള കാർഷിക കൂട്ടായ്മ. അഞ്ച് വർഷത്തിനിടയിൽ കാർഷിക മേഖലയിൽ ആരെയും അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഈ കൂട്ടായ്‌മ സൃഷ്‌ടിച്ചത്‌. കൃഷി അന്യംനിന്ന വയലുകളെ കാർഷിക സമൃദ്ധിയിലേക്ക് ഉയർത്താനും കൂട്ടായ്മക്ക് സാധിച്ചു. കൃഷി ലാഭമുണ്ടാക്കാൻ മാത്രമല്ല, സമൂഹത്തിന്‌ പ്രയോജനമാകുന്നരീതിയിൽ ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം.  കർഷകസംഘം അരൂർ ടൗൺ യൂണിറ്റ് 2019ലാണ് 15 അംഗങ്ങൾ ഉൾപ്പെട്ട കൂട്ടുകൃഷി കൂട്ടായ്മ രൂപീകരിച്ചത്. അംഗങ്ങൾ 500 രൂപ ഷെയറെടുത്ത് 50 സെന്റിൽ കൃഷി തുടങ്ങി. നിലമൊരുക്കി വിത്ത് വിതച്ചതും പരിപാലിച്ചതും അംഗങ്ങൾ തന്നെയാണ്. ഈ കൃഷി വിജയമായതോടെ  ഇപ്പോൾ ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത്‌ കൃഷിചെയ്തുവരികയാണ്.  വാഴ, മഞ്ഞൾ, ഇഞ്ചി, ചെറുകിഴങ്ങ്‌, കണ്ടിക്കിഴങ്ങ്‌ (കാച്ചിൽ), ചേന, കപ്പ തുടങ്ങി വിവിധ വിളകളാണ്‌ കൃഷിചെയ്യുന്നത്‌. ഒരുവർഷം കൊണ്ടുതന്നെ കൃഷിയിലെ വരുമാനംകൊണ്ട് ഷെയർ തുകയും ലാഭവിഹിതവും കർഷകർക്ക് നൽകാനും സാധിച്ചിട്ടുണ്ട്.  നൂതനമായ കൃഷിരീതികൾ പഠിക്കാൻ വിവിധ ഇടങ്ങളിലേക്ക്‌ കാർഷിക പഠനയാത്രകളും സംഘടിപ്പിച്ചുവരുന്നു. ജൈവ വളം മാത്രം ഉപയോഗിച്ചാണ്‌ കൃഷി. കാർഷിക ഉൽപ്പന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനവും നടത്തുന്നുണ്ട്. അന്യംനിന്നുപോകുന്ന ചെറുമണി ധാന്യ കൃഷി പുനരുജീവിപ്പിക്കാനുള്ള പദ്ധതിയും സംഘത്തിനുണ്ട്. പ്രസിഡന്റ്‌ ടി ഗോപാലൻ, സെക്രട്ടറി  തോലേരി രാജൻ, ട്രഷറർ എം കെ രമ്യ എന്നിവരാണ് കൂട്ടുകൃഷിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്.  Read on deshabhimani.com

Related News