ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി നടക്കാവ് ഗവ. ജിവിഎച്ച്‌എസ്‌എസ്
കോഴിക്കോട് എഡ്യുക്കേഷൻ വേൾഡ് മാസികയുടെ രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള പുരസ്‌കാരം നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഏറ്റുവാങ്ങി. ഡൽഹിയിലെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി ഗിരീഷ്‌കുമാർ, ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ റോഷൻ ജോൺ എന്നിവർ ചേർന്ന് അസസ് യുഎസ്‌എ ചെയർമാൻ റയ്‌മണ്ട് റവഗ്‌ളിയയിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഇന്ത്യ ഗവൺമെന്റ് സ്റ്റേറ്റ് സ്കൂൾ റാങ്കിങ്ങിലാണ് രണ്ടാം സ്ഥാനം നേടിയത്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്നു സ്‌കൂൾ. എംഎൽഎ ആയിരുന്നപ്പോൾ എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ തുടക്കമിട്ട പ്രിസം പദ്ധതിയിലൂടെയാണ് സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിയത്. ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷനുമായി കൈകോർത്തായിരുന്നു പ്രവർത്തനം. ഹൈ ടെക് ക്ലാസ് റൂമുകൾ, ഇന്ററാക്ടീവ് ബോർഡുകൾ, ആധുനിക സൗകര്യങ്ങളുള്ള ലാബുകൾ, ലൈബ്രറി, ഡൈനിങ് ഹാൾ, കിച്ചൻ, ഓഡിറ്റോറിയം, അസ്ട്രോ ടർഫ് ഗ്രൗണ്ട് എന്നിവയും സ്കൂളിൽ ഉണ്ട്. ഈ സൗകര്യങ്ങൾക്കൊപ്പം വിദ്യാർഥികൾക്ക് പഠന നേട്ടങ്ങളുണ്ടാക്കുന്നതും പാഠ്യേതര മികവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പഠന അന്തരീക്ഷവും പുരസ്‌കാര നേട്ടത്തിനിടയാക്കിയ ഘടകമാണ്. Read on deshabhimani.com