സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കും
പേരാമ്പ്ര പേരാമ്പ്ര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് തട്ടി വയോധികൻ മരിച്ച സംഭവത്തിൽ ജനരോഷം ശക്തമാകുന്നു. കുറ്റ്യാടി –- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ ജനക്കൂട്ടം ബുധനാഴ്ച തടഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബുവിന്റെ അധ്യക്ഷതയിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാഷ്ട്രീയ പാർടികളുടെയും യുവജന സംഘടനകളുടെയും യോഗം ചേർന്നു. വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കാൻ ധാരണയായി. സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും. പരിശോധനയും കർശനമാക്കും. പേരാമ്പ്ര ബസ് സ്റ്റാൻഡിലും ടൗണിലും കൂടുതൽ പൊലീസിനെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കും. ബുധനാഴ്ച പകൽ 3.15 ഓടെ കോഴിക്കോട്ടുനിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന എസ്റ്റീം അരിക്കൊമ്പൻ ബസാണ് സ്റ്റാൻഡിനകത്തുവച്ച് വാകയാട് സ്വദേശി കണ്ണിപ്പൊയിൽ അമ്മതിനെ ഇടിച്ചുവീഴ്‌ത്തിയത്. ബസിന്റെ മുൻഭാഗത്തെ ടയർ കയറിയായിരുന്നു മരണം. മൂന്നുവർഷത്തിനിടയിൽ പേരാമ്പ്ര ബസ് സ്റ്റാൻഡിനകത്ത് സ്വകാര്യ ബസിടിച്ച് കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് അമ്മത്. മൂന്നുവർഷം മുമ്പ് കായണ്ണയിലെ ചെറുക്കാട് കക്കുടുമ്പിൽ ദേവിയും സ്റ്റാൻഡിൽ ബസ് തട്ടി മരിച്ചിരുന്നു. സ്റ്റാൻഡിൽവച്ച് ബസിടിച്ച് മരുതേരിയിലെ പരപ്പൂര് മീത്തൽ കുഞ്ഞിക്കുട്ടിയുടെ കാൽ മുറിച്ചുമാറ്റേണ്ടിവന്നു. ചികിത്സയിലായിരുന്ന കുഞ്ഞിക്കുട്ടി ഈയിടെയാണ് മരിച്ചത്. സ്വകാര്യ ബസുകളുടെ അമിതവേഗത്തിൽ പേരാമ്പ്രയിലും സമീപപ്രദേശങ്ങളിലുമായി നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അംഗഭംഗം വന്ന് ധാരാളം പേർ ദുരിതംപേറി കഴിയുന്നുണ്ട്. അപകടങ്ങൾ വർധിക്കുമ്പോഴും സ്വകാര്യ ബസുകളുടെ അമിതവേഗം തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ കുറ്റ്യാടി–-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കുന്നത് ഒരു കോക്കസാണെന്ന് ആരോപണമുണ്ട്. കെഎസ്ആർടിസി ബസുകൾ പേരാമ്പ്ര ബസ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റുന്നതിനും ഇവർ തടസ്സം സൃഷ്ടിക്കുന്നു. പൊലീസ് എയ്ഡ്പോസ്റ്റില്ലാത്തതിനാൽ ഹോം ഗാർഡുകൾ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനപ്രതിനിധികൾ, മോട്ടോർ തൊഴിലാളികൾ, പൊലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗവും ട്രാഫിക് അഡ്വൈസറി കമ്മിറ്റിയും വിളിച്ചുചേർക്കാനും തീരുമാനിച്ചിട്ടുണ്ട്. എസ്എച്ച്ഒ പി ജംഷീദ്, ജോ. ആർടിഒ ടി എം പ്രജീഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാജി ഫ്രാൻസിസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com