750 നിയമലംഘനം; 20 ലക്ഷം പിഴ
കോഴിക്കോട് ജില്ലയുടെ വിവിധയിടങ്ങളിലുള്ള ബ്ലാക്ക് സ്‌പോട്ടുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തിയത് 750 നിയമലംഘനങ്ങൾ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 20 ലക്ഷം രൂപ പിഴ ഈടാക്കി. ഗുരുതര നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. നിയമാനുസൃത വാഹനം ഓടിക്കുന്നതിൽ കൂടുതൽ പരിശീലനം നേടുന്നതിനായി എടപ്പാളിലെ മോട്ടോർ വാഹന വകുപ്പിന്റെ ഐഡിടിആർ സ്ഥാപനത്തിലേക്കും അയച്ചു. ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുക, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ്, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ സഞ്ചരിക്കുക, വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുക, എയർ ഹോൺ ഉപയോഗിക്കുക, അമിത ഭാരം കയറ്റുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, സമയക്രമം പാലിക്കാതെയും അപകടകരമായുമുള്ള ബസ്സുകളുടെ മത്സരയോട്ടം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. ഇതര സംസ്ഥാന വാഹനങ്ങളിൽ നിയമാനുസൃത രേഖകൾ ഇല്ലാതെയും സംസ്ഥാന നികുതി അടയ്‌ക്കാത്തതുമായ വാഹനങ്ങളും കണ്ടെത്തി. വേഗപ്പൂട്ട് അഴിച്ചിട്ടതും ജിപിഎസ് പ്രവർത്തിപ്പിക്കാത്തതും ഫിറ്റ്നസ് ഇല്ലാത്തതുമായ വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. വർധിക്കുന്ന അപകടങ്ങൾ കുറയ്‌ക്കുക, ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ഗതാഗത കമീഷണറുടെ നിർദേശാനുസരണം സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധന. വരുംദിവസങ്ങളിലും വിപുലമായ പരിശോധന തുടരുമെന്ന് കോഴിക്കോട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പി എ നസീർ, റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) സന്തോഷ് കുമാർ എന്നിവർ അറിയിച്ചു. Read on deshabhimani.com