സമഗ്ര വികസനത്തിന് 56 കോടി
സ്വന്തം ലേഖകന്‍ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രി സമഗ്രവികസന പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. 56 കോടി രൂപ ചെലവിൽ 96,468 ചതുരശ്രയടിയിൽ ഏഴുനില കെട്ടിടം നിർമിക്കും. അഞ്ച് ഓപ്പറേഷൻ തിയറ്ററും 104 കിടക്കയും അനുബന്ധ സൗകര്യങ്ങളുമടങ്ങുന്ന കെട്ടിടത്തിന്റെ നിർമാണ മേല്‍നോട്ട ചുമതല ഇൻകെലിനാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ പ്രവൃത്തി. 18 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കും. ആശുപത്രിക്കായി തൊട്ടടുത്ത സികെജി ഗവ. കോളേജിന്റെ രണ്ട് ഏക്കർ ഏറ്റെടുക്കാനുള്ള നടപടി പൂർത്തിയായി. ഇവിടെ പാർക്കിങ് ഗ്രൗണ്ട്, കാന്റീൻ എന്നിവ നിർമിക്കും. മുൻ മന്ത്രി ടി പി രാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് 2021–-ലാണ് ആശുപത്രിയുടെ സമഗ്ര വികസന പദ്ധതിക്ക് 77.43 കോടിയുടെ പദ്ധതി തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് കെട്ടിടത്തിന് 56.06 കോടി രൂപ അനുവദിച്ചത്. നിര്‍മാണം പൂർത്തിയാകുന്ന മുറയ്ക്ക് അനുബന്ധ സൗകര്യങ്ങൾക്കും ആശുപത്രി ഉപകരണങ്ങൾക്കുമായി 20 കോടി രൂപകൂടി അനുവദിക്കും. തുടക്കം 1957ൽ 1957ൽ പ്രഥമ ഇ എം എസ് സർക്കാരിന്റെ കാലത്താണ് പേരാമ്പ്രയിൽ പ്രൈമറി ഹെൽത്ത് സെന്റർ ആരംഭിച്ചത്. എം ആർ കിടാവ് സ്ഥലം സൗജന്യമായി നൽകി. 1988ൽ എൽഡിഎഫ് ഭരണകാലത്ത് എ കെ പത്മനാഭൻ എംഎൽഎയുടെ ശ്രമഫലമായി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തി. തൊട്ടടുത്ത ഗവ. കോളേജിന്റെ സ്ഥലത്തുനിന്ന് ഒരേക്കറും അന്ന് ആശുപത്രിക്ക് ലഭ്യമാക്കി. എം കുഞ്ഞമ്മത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2001 –- -04 വർഷത്തിൽ നടപ്പാക്കിയ സിഎച്ച്സി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പുതിയ മൂന്നുനില കെട്ടിടം നിർമിച്ചു. 2008ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്, മേപ്പയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾക്ക് പുറമെ സമീപപ്രദേശങ്ങളിൽനിന്നടക്കം നൂറുകണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമാണ് ആശുപത്രി. 2018ൽ നിപാ രോഗബാധിതനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നു. സേവനത്തിനിടെയാണ് സിസ്റ്റർ ലിനി വൈറസ് ബാധയേറ്റ് മരിച്ചത്. Read on deshabhimani.com