കടലുണ്ടിയിലേക്ക്‌ 
സഞ്ചാരികളൊഴുകുന്നു

കടലുണ്ടിയിലെത്തിയ വിനോദസഞ്ചാരികൾ കള്ളുചെത്ത് വീക്ഷിക്കുന്നു


    ഫറോക്ക്  ഗ്രാമീണ  ഭക്ഷ്യവിഭവങ്ങളും പരമ്പരാഗത തൊഴിൽരീതികളും കലയും സംസ്കാരവും സമന്വയിപ്പിച്ചുള്ള ടൂറിസം പദ്ധതി വിജയത്തിലെത്തുമ്പോൾ കടലുണ്ടിയിലേക്ക് സഞ്ചാരികളൊഴുകുന്നു.  കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയുടെ ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിവിധ സ്‌ട്രീറ്റ്‌ പദ്ധതികളിലൂടെയാണ്‌  സഞ്ചാരികളുടെ വരവേറുന്നത്‌.  കടലും പുഴയും തോടും കനാലുകളും അഴിമുഖവും ഉൾപ്പെടെ പ്രകൃതിരമണീയമായ പ്രദേശത്ത്‌ തദ്ദേശീയ ജനവിഭാഗങ്ങളെ ചേർത്തുനിർത്തിയാണ്‌ പദ്ധതികൾ നടപ്പാക്കുന്നത്‌. ഇവയിൽ കമ്യൂണിറ്റി റിസർവ് ഉൾപ്പെടുന്ന വാട്ടർ സ്ട്രീറ്റ്, ഗ്രാമീണ ജനതയുടെ ജീവിതവും കലയും സംസ്കാരവും തൊഴിലും അനുഭവവേദ്യമാക്കുന്ന വില്ലേജ് ലൈഫ് എക്‌സ്‌പീരിയൻസ്  (വിഎൽഇ) സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്  തുടങ്ങിയവ സഞ്ചാരികൾക്ക്‌ ഇവിടം പ്രിയങ്കരമാക്കി. വിവിധ ടൂറിസം പാക്കേജുകളിലൂടെ ചുരുങ്ങിയ കാലയളവിനിടെ വിദേശികൾ ഉൾപ്പെടെ നിരവധി വിനോദ സഞ്ചാരികളാണ്  ഇവിടെയെത്തിയത്.  ലോകത്തെ നാൽപ്പതോളം രാജ്യങ്ങളിലെ ബ്ലോഗർമാർ മികച്ച അഭിപ്രായമാണ്‌ കൈമാറിയത്‌. കുമരകത്ത് രാജ്യാന്തര ടൂറിസം മീറ്റിനെത്തിയ പ്രതിനിധികളും ഇവിടേക്കെത്തി. വ്യാഴവും വെള്ളിയും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള  എഴുപതോളം മുതിർന്ന ഡോക്ടർമാരുടെ സംഘമാണ്‌ എത്തിയത്‌. ഇവർ പ്രധാനമായും വിഎൽഇ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ് എന്നിവയുടെ സവിശേഷതകളറിയാനാണ് കൂടുതൽ സമയം ചെലവഴിച്ചത്. സഞ്ചാരികളുടെ വരവേറിയതോടെ തദ്ദേശീയരുടെ വരുമാനവും വർധിക്കുകയാണ്.  ഗ്രാമീണ ജനതയുടെ തനത് ഭക്ഷ്യവിഭവങ്ങളുടെ രുചിഭേദങ്ങളറിയുന്ന സഞ്ചാരികൾ ഓല മെടയൽ, കള്ളുചെത്ത്, കയർ പിരിക്കൽ, നൂൽനൂൽപ്പ്‌, നെയ്‌ത്ത്‌ എന്നിവ നേരിട്ട്‌ കണ്ടറിയുന്നു. Read on deshabhimani.com

Related News