സദസ്സ്‌ ഹൗസ്‌ഫുൾ

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ സാമൂതിരി എച്ച്എസ്എസിൽ നാടകം കാണാനെത്തിയവരുടെ തിരക്ക്


 കോഴിക്കോട്‌ അരങ്ങുണർന്ന്‌ രണ്ടാം നാൾ ഇഷ്‌ട ഇനങ്ങൾ വേദിയിലെത്തിയതോടെ ജില്ലാ കലോത്സവത്തിൽ സദസ്സ്‌ ഹൗസ്‌ഫുൾ. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ (വൈക്കം മുഹമ്മദ്‌ ബഷീർ) ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തവും എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ ഒപ്പനയുമെല്ലാം വ്യാഴാഴ്‌ച അരങ്ങേറിയത്‌ നിറഞ്ഞ സദസ്സിൽ. യുപി നാടകമത്സരത്തിന്റെ ആവേശവുമായി ബുധൻ രാത്രി വെളുപ്പിച്ച വേദി രണ്ടിൽ (എ ശാന്തകുമാർ) ഹൈസ്‌കൂൾ നാടകത്തെയും അതേ ആഹ്ലാദാരവങ്ങളോടെയാണ്‌ വരവേറ്റത്‌. ഈ വർഷം മേളയിലുൾപ്പെടുത്തിയ ഗോത്ര കലാരൂപമായ മലപുലയ ആട്ടം കാണാൻ വേദി 20 (ടി എ റസാഖ്‌) മാനാഞ്ചിറ ബിഇഎം സ്കൂളിലേക്കും ജനം ഒഴുകി. കോൽക്കളിയും നാട്‌ ഏറ്റെടുത്തു. ബുധനാഴ്‌ച യുപി നാടകത്തിൽ അപ്പീൽ ഉൾപ്പെടെ 18 ടീമുകൾ മത്സരിച്ചപ്പോൾ മത്സരം വ്യാഴം പുലർച്ചെ മൂന്നിനാണ്‌ കഴിഞ്ഞത്‌. എന്നാൽ, രാവിലെ ഹൈസ്‌കൂൾ നാടകം തുടങ്ങിയപ്പോഴേക്കും ആവേശം ചോരാതെ കാണികൾ റെഡി. കോഴിക്കോട്ടെ നാടകപ്രവർത്തകരെല്ലാം തിങ്ങിനിറഞ്ഞ സദസ്സ്‌ കൊട്ടിപ്പാടിയും കൈയടിച്ചും കലോത്സവം ആഘോഷമാക്കി. മൈക്ക്‌ ഉൾപ്പെടെ വിവിധ സാങ്കേതിക കാരണങ്ങളാൽ മത്സരം നീണ്ടിരുന്നു. ചില വേദികളിൽ മത്സരം തുടങ്ങാൻ വൈകി. എച്ച്‌എസ്‌എസ്‌ വിഭാഗം ഒപ്പന അവസാനഘട്ടം മാനാഞ്ചിറ ബിഇഎം ജിഎച്ച്എസ്എസിലേക്ക് മാറ്റി. പല വേദികളിലും രാത്രി ഏറെ വൈകിയാണ് മത്സരം അവസാനിച്ചത്.  വെള്ളിയാഴ്‌ച ഹയർ സെക്കൻഡറി വിഭാഗം നാടകം, മിമിക്രി, മോഹിനിയാട്ടം, നാടോടിനൃത്തം, ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, കൂടിയാട്ടം, ചവിട്ടുനാടകം, പൂരക്കളി തുടങ്ങിയവ അരങ്ങേറും. ഗോത്ര കലകളായ പണിയ നൃത്തം, മംഗലം കളി എന്നിവ വേദി ബിഇഎം സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. Read on deshabhimani.com

Related News