ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ വെറ്ററിനറി ആംബുലൻസ് നടപ്പാക്കും: മന്ത്രി
ബാലുശേരി സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ മൊബൈൽ വെറ്ററിനറി ആംബുലൻസ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ഷീര കർഷകമേഖലയ്ക്ക് വലിയ മാറ്റമുണ്ടാക്കുന്നതും കർഷകർക്ക് സഹായമാകുന്ന വീട്ടുമുറ്റ സേവനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരകർഷക ക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കല്ലാനോട് ക്ഷീര സഹകരണസംഘത്തിൽ സംഘടിപ്പിച്ച ബാലുശേരി ബ്ലോക്ക് ക്ഷീരസംഗമവും കല്ലാനോട് ക്ഷീരസംഘത്തിന്റെ ഹൈജീനിക്ക് മിൽക്ക് കലക്‌ഷൻ റൂമും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. പാലിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തിലാണ് സംസ്ഥാനം. 131 കോടി ചെലവഴിച്ച് മലപ്പുറത്തെ മൂർക്കനാട് പാൽപ്പൊടി നിർമാണ യൂണിറ്റ് 24ന് ഉദ്ഘാടനംചെയ്യും. കിടാരിപാർക്ക് വ്യാപകമാക്കുമെന്നും ക്ഷീര സാന്ത്വനം പദ്ധതി കർഷകർക്ക് വലിയ ആശ്വാസമാണുണ്ടാക്കുന്നതെന്നും അവർ പറഞ്ഞു. കല്ലാനോട് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനായി. എച്ച്എംസിആർ നിർമാണത്തിന് സ്ഥലം ദാനമായി നൽകിയ കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ജിനോ ചുണ്ടയിലിനെയും 92 വയസ്സ് കഴിഞ്ഞ ക്ഷീരകർഷകൻ തലയാട് ക്ഷീരസംഘത്തിൽ പാലളക്കുന്ന പുളിക്കുന്നേൽ അബ്ദുള്ളയെയും മന്ത്രി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത മുഖ്യാതിഥിയായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഖനായർ പദ്ധതി വിശദീകരിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം കെ വനജ, ഒ കെ അമ്മത്, സിമിലി ബിജു, മിൽമ ഡയറക്ടർ പി ടി ഗിരീഷ് കുമാർ, കെ പി സഹീർ, അരുൺജോസ് തുടങ്ങിയവർ സംസാരിച്ചു. കല്ലാനോട് ക്ഷീരസംഘം പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതവും ബാലുശേരി ബ്ലോക്ക് ക്ഷീരവികസന ഓഫീസർ പി കെ ആബിദ നന്ദിയും പറഞ്ഞു. Read on deshabhimani.com