വരൂ, പ്രകൃതിയെ തൊട്ടറിയാം...
കോഴിക്കോട് എത്ര മരങ്ങളെ നിങ്ങൾക്ക് തിരിച്ചറിയാനാകും. എത്ര ചെടികളുടെ പേരറിയാം... സ്വദേശിയും വിദേശിയുമായ പൂക്കളെ അറിയാമോ..? ഇല്ലെങ്കില്‍ പൊക്കുന്നിലെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് വരൂ. കുന്നിൻചരുവിലൂടെ കയറി പൂക്കളെയും ചെടികളെയും കണ്ട് പ്രകൃതിയെ അടുത്തറിയാം. ഗവേഷണത്തിലും ഇക്കോ ടൂറിസത്തിലും ശ്രദ്ധപതിപ്പിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം മലബാര്‍ ഉദ്യാന മഹോത്സവം ഒരുക്കിയാണ് പ്രകൃതിയുമായി കൂട്ടിയിണക്കുന്നത്. പൂക്കളാൽ നിര്‍മിച്ച വേഴാമ്പലാണ് വരവേല്‍ക്കുന്നത്. തെയ്യവും കടുവയും വേറെയുണ്ട്. പ്രവേശനകവാടം മുതല്‍ അവസാന പോയിന്റ് വരെ രണ്ട് കിലോമീറ്റര്‍ വാക്ക് വേയില്‍ ആയിരക്കണക്കിന് പൂച്ചെടികളാണ് ഒരുക്കിയത്. ഇതിനൊപ്പം ഗാര്‍ഡനിലെ ചെടികളെയും കാണാം. വെറും കാഴ്‌ചയില്‍ ഒതുങ്ങുന്നില്ല മഹോത്സവം; ഓരോ സസ്യത്തിന്റെയും ശാസ്ത്രീയ വിവരങ്ങള്‍ ഉള്‍പ്പെടെ മനസ്സിലാക്കാം. 25 മുതല്‍ 3000 രൂപവരെ വിലയുള്ള സസ്യങ്ങള്‍ വാങ്ങാനും അവസരമുണ്ട്. പകല്‍ 12 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 29ന് അവസാനിക്കും. ഉദ്ഘാടനം ഇന്ന് മഹോത്സവത്തിലേക്ക് പ്രവേശനം വ്യാഴാഴ്ച ആരംഭിച്ചു. ഉദ്ഘാടനം ഞായര്‍ വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് ഗാര്‍ഡന്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ എസ് പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. എം സാബു, ഡോ. വി എസ് ഹരീഷ്, ഡോ. കെ എം മഞ്ജുള, ഡോ. എ വി രഘു എന്നിവരും പങ്കെടുത്തു. Read on deshabhimani.com