അവർ മടങ്ങി, ഹൃദയംതൊട്ട്
സ്വന്തം ലേഖകൻ കോഴിക്കോട് മണലാരണ്യത്തിൽനിന്ന് നാടിന്റെ തണലിലേക്ക് എത്തിയ 22 പേർ സ്വന്തം വീടുകളിലേക്ക് മടങ്ങി. സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ 14 ദിവസം കഴിഞ്ഞാണ് പ്രവാസികൾ മടങ്ങിയത്. ചാത്തമംഗലം എൻഐടി ക്യാമ്പസ് മാനേജ്‌മെന്റ് സ്റ്റഡീസ് ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ് നിരീക്ഷണം പൂർത്തിയാക്കിയത്.വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ മടക്കമാരംഭിച്ചു. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ആദ്യ വിമാനത്തിലെ 26 പ്രവാസികളെ എട്ടിന് പുലർച്ചെയാണ് നിരീക്ഷണ കേന്ദ്രങ്ങളിലെത്തിച്ചത്. ഇതിൽ ഒരാളെ മെഡിക്കൽ കോളേജിലും മറ്റൊരാളെ കോഴിക്കോട്ടുള്ള ലക്ഷദ്വീപ് ക്വാറന്റൈനിലും രണ്ട് പേരെ ഹോം ക്വാറന്റൈനിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. നിലവിൽ ഹോസ്റ്റലിൽ 58 പേർ ഇപ്പോഴുണ്ട്. നിരീക്ഷണത്തിൽ കഴിഞ്ഞവരെ കൊണ്ടുപോകാൻ എത്തുന്നവർക്ക് മാർഗനിർദേശങ്ങളുണ്ടായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രം വരികയും എൻ 95 മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ കരുതണമെന്നും നിർദേശിച്ചിരുന്നു. രാവിലെ എത്തിയ വാഹനങ്ങളിലെ ഡ്രൈവർമാരുടെയും വാഹനത്തിന്റെയും കൊണ്ടുപോകേണ്ട പ്രവാസിയുടെ വിവരങ്ങളും ആരോഗ്യ പ്രവർത്തകരും സന്നദ്ധപ്രവർത്തകരും രേഖപ്പെടുത്തി. തുടർന്ന് ഒന്നു മുതൽ 22 വരെ നമ്പർ നൽകി ക്രമത്തിലാണ് പ്രവാസികളെ സെന്ററിൽനിന്ന് യാത്രയാക്കിയത്. ഒരു വാഹനം നീങ്ങിക്കഴിഞ്ഞതിനുശേഷമാണ് മറ്റൊരാളെ പുറത്തിറക്കിയത്. മടങ്ങിയവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. അതിനുശേഷം പരിശോധന നടത്തി പിഎച്ച്‌സിയിൽനിന്ന് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അറിയിച്ചതായി ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. പ്രവാസികൾ എത്തുന്ന വിവരം അതത് തദ്ദേശഭരണ പ്രദേശങ്ങളിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരെയും അറിയിച്ചിട്ടുണ്ട്. വീടുകളിലും നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നതിനാൽ കോവിഡ് കെയർ സെന്ററിൽ കഴിഞ്ഞപ്പോൾ ഉപയോഗിച്ച ബക്കറ്റ്, മഗ് തുടങ്ങിയ സാധനങ്ങൾ വീടുകളിലേക്ക് മടങ്ങിയവർക്ക് നൽകി. ഇവർ ഉപയോഗിച്ച കിടക്കകളും മാറ്റിയിടും. പ്രവാസികൾ മടങ്ങി 24 മണിക്കൂറിനുശേഷം ഫയർ ഫോഴ്‌സിനെ ഉപയോഗിച്ച് മുറികൾ അണുവിമുക്തമാക്കും. ചാത്തമംഗലം പിഎച്ച്‌സി മെഡിക്കൽ ഓഫീസർ പി എസ് സുനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി വി സുരേന്ദ്രൻ, ക്യാമ്പ് ചാർജ് ഓഫീസർ കെ സി ഹാഷിദ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി എസ് ഹൃത്വിക്, എൻ പി അഭിമന്യു, വി വി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പ്രവാസികളെ യാത്രയാക്കുന്നതിനുള്ള നടപടി നിയന്ത്രിച്ചു. Read on deshabhimani.com