ആഴം കൂട്ടും; കല്ലായിപ്പുഴ 
പുതുജീവനിലേക്ക്‌

കല്ലായിപ്പുഴയുടെ വട്ടാംപൊയിൽ ഭാഗം


കോഴിക്കോട്  ചെളിയും മാലിന്യവും നിറഞ്ഞ്‌ രോഗാതുരമായിരുന്ന കല്ലായിപ്പുഴയ്‌ക്ക്‌ ഇനി പുതുജീവൻ. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പുഴയുടെ ആഴം കൂട്ടാനുള്ള ടെൻഡറിന്‌ അനുമതിയായി; പുഴയുടെ പുനരുജ്ജീവനത്തിന്‌ ഇത്‌ കരുത്താകും.  ഏറ്റവും മലിനീകരിക്കപ്പെട്ട കേരളത്തിലെ പുഴകളുടെ  പട്ടികയിൽ ഒന്നാമതായി ഇടംപിടിച്ച  കല്ലായിപ്പുഴയെ മാലിന്യ മുക്തമാക്കാനുള്ള കോർപറേഷന്റെയും സർക്കാരിന്റെയും ശ്രമങ്ങളിൽ നിർണായകമാവുന്നതാണ്‌ പുതിയ ഇടപെടൽ.  പുഴ ആഴംകൂട്ടൽ പ്രവൃത്തിക്ക് 12 കോടി രൂപയുടെ ‍ടെൻഡറിനാണ്‌ അനുമതി ആയത്‌.   കടുപ്പിനി മുതൽ കോതി വരെയുള്ള 4.2 കിലോമീറ്റർ ദൂരത്തിൽ അടിഞ്ഞു കൂടിയ എക്കൽ, ചെളി, മരത്തടികൾ, മാലിന്യം എന്നിവ നീക്കംചെയ്ത് പുഴയുടെ സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കാനാണ് പദ്ധതി.   ആഴം കൂട്ടുന്നതോടെ  നഗരത്തിൽ വെള്ളക്കെട്ട്‌  ഒരുപരിധി വരെ നിയന്ത്രിക്കാനാവും. ചെളിയും മറ്റും അടിഞ്ഞതോടെ  വെള്ളത്തിന്റെ ഒഴുക്ക്‌ കുറഞ്ഞു. കോതി ഭാഗത്ത്‌ ചെളിയടിഞ്ഞ്‌ തിട്ട രൂപപ്പെട്ടതിനാൽ  തോണി മറിഞ്ഞുള്ള അപകടങ്ങൾ ഉണ്ടാവാറുണ്ട്‌.   ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഇത്‌ ഇല്ലാതാവും. കോര്‍പറേഷന്റെയും  അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എയുടെയും നിരന്തര ഇടപെടലിന്റെ ഫലമായാണിപ്പോൾ ടെൻഡർ അനുമതിയായത്‌. റിവർ മാനേജ്‌മെന്റ്‌ ഫണ്ടിൽ ഉൾപ്പെടുത്തിയാണ്‌ ആദ്യം  4.5 കോടി രൂപ‌ക്ക്‌  പദ്ധതി ആവിഷ്‌കരിച്ചത്‌. ടെൻഡർ ആയിരുന്നുവെങ്കിലും ഈ തുകയ്‌ക്ക്‌ പണി ചെയ്യാനാവില്ലെന്ന്‌ കരാറുകാർ പറഞ്ഞതിനാൽ പണി നടന്നില്ല.  പിന്നീട്‌ പലവട്ടം ടെൻഡർ നടത്തിയെങ്കിലും ഒന്നും നടന്നില്ല.  2011 മുതൽ കല്ലായിപ്പുഴ വീണ്ടെടുക്കലിനായി കോർപറേഷൻ ഫണ്ടുകൾ അനുവദിച്ചിരുന്നു.   7.9 കോടി രൂപ  അനുവദിച്ച് അ‍ഞ്ച് തവണ ടെൻഡർ നടത്തിയെങ്കിലും തുക കുറവായതിനാൽ ആരും ഏറ്റെടുത്തില്ല.  കല്ലായിയിലെ ചെളി മാലിന്യം കടലിൽ തള്ളാനും  പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മറ്റ്‌ മാലിന്യം നീക്കാനും  സിഡബ്ല്യുആർഡിഎമ്മിനെ നടത്തിയ  പഠന റിപ്പോർട്ട്‌    നിർദേശിച്ചു.  ഈ വർഷം ടെൻഡർ വിളിച്ചപ്പോൾ കൂടുതൽ പണം വേണമെന്നതിനാൽ  5.07 കോടി രൂപ  അധികം  നൽകാൻ കോർപറേഷൻ തീരുമാനിച്ചു.  പ്രവൃത്തി ഏറ്റെടുത്ത് നടത്തേണ്ട ജലസേചന വകുപ്പ് ടെൻഡറിന്‌  അനുമതി നല്‍കിയതോടെ  പ്രവൃത്തി വേ​ഗത്തിലാകും.   Read on deshabhimani.com

Related News