കണ്ടുകെട്ടിയ 
മുൻഗണനാ കാർഡ്‌ 21,282



കോഴിക്കോട്‌ ജില്ലയിൽ നാലുവർഷത്തിനിടെ അനർഹരിൽനിന്ന്‌ കണ്ടുകെട്ടിയത്‌ 21,282 മുൻഗണനാ റേഷൻ കാർഡുകൾ. 83,22,830 രൂപ 2021 ജൂൺ ഒന്നുമുതൽ 2024 ജൂലൈ 21 വരെയുള്ള കാലയളവിൽ കാർഡുടമകളിൽനിന്ന്‌ പിഴയായി സിവിൽ സപ്ലൈസ്‌ വകുപ്പ്‌ ഈടാക്കി. കേന്ദ്ര സർക്കാർ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പ്രകാരം നാലുചക്ര വാഹനങ്ങൾ, ആയിരം ചതുരശ്ര അടിയിൽ അധികം വിസ്‌തീർണമുള്ള വീടുകൾ, സർക്കാർ, അർധസർക്കാർ ജീവനക്കാർ, 25,000 രൂപയിലധികം മാസവരുമാനമുള്ളവർ എന്നിവർ ഉൾപ്പെടുന്ന കുടുംബത്തിന്‌ മുൻഗണനാ കാർഡുകൾക്ക്‌ അർഹതയില്ല. അർഹതയില്ലാത്തതായി സിവിൽ സപ്ലൈസ്‌ വകുപ്പ്‌ കണ്ടെത്തിയവരിൽനിന്നും മുൻഗണനാ കാർഡുകൾ സ്വയം ഹാജരാക്കിയവരിൽനിന്നുമാണ്‌ പിഴയീടാക്കിയത്‌. മുൻഗണനാ കാർഡ്‌ ഉപയോഗിച്ച്‌ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണി വില കണക്കാക്കിയാണ്‌ പിഴ. അരി–- 40 രൂപ, ആട്ട–-36, ഗോതമ്പ്‌–- 26 എന്നിങ്ങനെയാണ്‌ വിപണിവില നിർണയിച്ചതെന്ന്‌ ജില്ലാ സിവിൽ സപ്ലൈസ്‌ ഓഫീസർ കെ കെ മനോജ്‌ കുമാർ പറഞ്ഞു.  ഈ വർഷം ഇതേവരെ 1889 മുൻഗണനാ കാർഡുകളാണ്‌ കണ്ടുകെട്ടിയത്‌. ഇതിൽ 991 കാർഡുകൾ സബ്‌സിഡി ഇല്ലാത്ത വെള്ളക്കാർഡുകളാക്കി മാറ്റി. 898 കാർഡുകൾ സബ്‌സിഡിയുള്ള നീല കാർഡുകളായും മാറ്റി നൽകി. 23, 67,437 രൂപയാണ്‌ പിഴയായി ഈടാക്കിയത്‌. പട്ടികയിൽ ഇടംപിടിച്ച  ആയിരത്തിലധികം കുടുംബങ്ങൾക്ക്‌ പുതുതായി ഈ വർഷം ബിപിഎൽ കാർഡുകളും അനുവദിച്ചു. ആശ്രയ പദ്ധതി ഗുണഭോക്താക്കൾ, ആദിവാസി കുടുംബങ്ങൾ, അർബുദം, ഡയാലിസിസ്, അവയവമാറ്റം, എച്ച്‌ഐവി, വികലാംഗർ, ഓട്ടിസം, ലെപ്രസി, 100 ശതമാനം ശരീരം തളർന്ന രോഗികൾ, വിധവ, അവിവാഹിത, വിവാഹമോചിത ഉൾപ്പെടെയുള്ള നിരാലംബർ കുടുംബനാഥ ആയുള്ള കുടുംബങ്ങൾ തുടങ്ങിയവർക്കാണ്‌ ബിപിഎൽ കാർഡ്‌ അനുവദിച്ചത്‌.   2023ൽ ജില്ലയിൽ മുൻഗണനാ കാർഡിൽനിന്ന്‌ സബ്സിഡി വിഭാഗത്തിലേക്ക്‌ 2511 കാർഡുകൾ മാറ്റിയിരുന്നു. സ്വമേധയാ മാറ്റിയതും പൊതുവിതരണ വകുപ്പ്‌ പിടികൂടി പിഴ ചുമത്തിയതും ഉൾപ്പെടെയാണിത്‌. അർഹതാ പട്ടികയിൽ ഉൾപ്പെട്ട 4814 കുടുംബങ്ങൾക്ക്‌ പൊതുവിഭാഗത്തിൽനിന്ന്‌ മുൻഗണനാ വിഭാഗത്തിലേക്ക്‌ കാർഡ്‌ മാറ്റി നൽകി.   സർക്കാർ ജീവനക്കാർ ഉൾപ്പെടെ അനർഹരായ പലരും മുൻഗണനാ കാർഡുകൾ കൈവശം വയ്‌ക്കുന്നത്‌ തടയാൻ വകുപ്പ്‌ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ്‌ ഈ നടപടി. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചവർക്ക്‌ പൊതുവിഭാഗത്തിലേക്ക്‌ മാറ്റാൻ കഴിഞ്ഞ വർഷം സാവകാശം അനുവദിച്ചിരുന്നു.  ഇത്‌ ഉപയോഗപ്പെടുത്തിയർക്ക്‌ പിഴയില്ലാതെ കാർഡ്‌ മാറ്റി നൽകി. സ്വമേധയാ തയ്യാറാകാത്തവരെ സ്‌ക്വാഡുകൾ പരിശോധനയിലൂടെ കണ്ടെത്തുകയാണ്‌. Read on deshabhimani.com

Related News