വിളകൾക്ക്‌ ഭീഷണിയായി പുഴുശല്യം

കമ്പിളിപ്പുഴു


സ്വന്തം ലേഖകൻ കോഴിക്കോട്‌ മാറിമാറിവരുന്ന മഴയും വെയിലും കാരണം കൃഷിയിടങ്ങളിലും തൊടിയിലും പുഴുശല്യം രൂക്ഷം. ശക്തമായ മഴയിൽ കൃഷിനശിച്ച കർഷകർക്ക്‌ ഇലതീനി പുഴുവിന്റെ ഭീഷണി ഇരുട്ടടിയായി.  കമ്പിളിപ്പുഴു വിഭാഗത്തിൽപെട്ടവയാണ്‌ തോട്ടങ്ങളിലെ കളകളിൽ പെരുകി വിളകൾ നശിപ്പിക്കുന്നത്‌. ചെടികളുടെ ഇലയും തണ്ടും കായ്‌ഫലങ്ങളും ഭക്ഷണമാക്കുന്ന ഇവ ശരീരത്തിൽ തൊട്ടാൽ അസഹ്യമായ ചൊറിച്ചിലാണ്‌. വാഴകളിൽനിന്നും തോട്ടങ്ങളിൽനിന്നും വീടുകളിലെ ചുവരുകളിലേക്കും മറ്റും വ്യാപിച്ചതോടെയുള്ള ബുദ്ധിമുട്ട്‌ ചെറുതല്ല.  മുൻവർഷങ്ങളിലും പുഴുശല്യമുണ്ടെങ്കിലും ഇത്രയും രൂക്ഷമായ സ്ഥിതിയുണ്ടായിട്ടില്ലെന്ന്‌ കണ്ണാറ വാഴ ഗവേഷണകേന്ദ്രം അധികൃതർ പറയുന്നത്‌.  പലയിടങ്ങളിലും ഇവയെ നശിപ്പിക്കാനാവാത്തവിധം രൂക്ഷമാണ്‌ സ്ഥിതി. ഇടക്കിടെ പെയ്യുന്ന മഴയും വെയിലും കാരണം തൊടികളിലും മറ്റും ചെടികൾ തഴച്ചുവളർന്നതാണ്‌ ഇവക്ക്‌ വളരാൻ അനുകൂലമായ സാഹചര്യമൊരുക്കിയത്‌.  കണ്ണൂർ, കോഴിക്കോട്‌, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ്‌ ഇക്കുറി പുഴുശല്യം ഏറെയും. ജില്ലയിൽ മാവൂർ, ചാത്തമംഗലം, പെരുവയൽ, കോട്ടൂർ, ചേളന്നൂർ, ബാലുശേരി, നടുവണ്ണൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ്‌ കമ്പിളിപ്പഴു ഭീഷണി.  ഇലയുടെ അടിവശത്ത്‌ പറ്റിപ്പിടിച്ച്‌ ഹരിതകം കാർന്നുതിന്നുന്നതോടെ ഇവ കരിഞ്ഞുണങ്ങും. മുമ്പ്‌ വാഴകളിൽ മാത്രമാണ്‌ കീടബാധയെങ്കിൽ ഇപ്പോൾ ചെണ്ടുമല്ലി, ഇഞ്ചി, മഞ്ഞൾ, ചീര, പയർ  തുടങ്ങിയ വിളകളിലേക്കും പടർന്നു. കേരളത്തിലാകെ വ്യാപകമായി കാണുന്ന ധൃതരാഷ്‌ട്ര പച്ച എന്ന വള്ളിച്ചെടിയിലാണ്‌ ഇവയെ ആദ്യംകാണുക. പിന്നീട്‌ കൃഷിയിടത്തിലാകെ വ്യാപിക്കും. ഇലകളിൽ കാണുന്ന വെള്ളക്കുത്താണ്‌ ലക്ഷണം. കീടനാശിനികൾ പ്രയോഗിച്ചും പുഴുവരിച്ച ഇലകൾ കൂട്ടിയിട്ടു കത്തിച്ചും താൽക്കാലികമായ പ്രതിരോധം തീർക്കുകയാണ്‌ കർഷകർ. എന്നാൽ രണ്ടുദിവസത്തിനകം വീണ്ടും ഇവ കൃഷിത്തോട്ടങ്ങളിൽ വ്യാപിക്കുകയാണ്‌.   Read on deshabhimani.com

Related News