അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ മാറ്റം കണ്ടുതുടങ്ങി: മന്ത്രി ഒ ആര്‍ കേളു
ബാലുശേരി പട്ടികജാതി –- വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ കണ്ടുതുടങ്ങിയതായി മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. അംബേദ്കര്‍ ഗ്രാമവികസനപദ്ധതി പ്രകാരം കോട്ടൂര്‍ പഞ്ചായത്തിലെ തിയ്യക്കണ്ടി മീത്തല്‍ നഗറിൽ ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴില്‍ മേഖലകളിലുള്‍പ്പെടെ ഈ മാറ്റം പ്രകടമാണ്. പട്ടികജാതി-, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ക്ക് നേരിട്ടുള്ള നിയമനം വഴി സര്‍ക്കാര്‍ ജോലി നല്‍കി. ഒരാള്‍ക്ക് 25 ലക്ഷം രൂപ വീതം ചെലവഴിച്ച് എണ്ണൂറോളം പേരെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്‍പ്പെടെയും പഠനത്തിനും ജോലിക്കുമായി അയച്ചു –- മന്ത്രി പറഞ്ഞു. റോഡുകള്‍, നടപ്പാതകള്‍, തെരുവുവിളക്കുകള്‍, ഭവനപുനരുദ്ധാരണ പ്രവൃത്തികള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ പി ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത മുഖ്യാതിഥിയായി. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ വിലാസിനി, കെ ഷൈന്‍, കെ കെ സിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നഫീസ വഴുതനപ്പറ്റ, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് സ്വാഗതവും മെമ്പര്‍ സി ഡി പ്രീത നന്ദിയും പറഞ്ഞു. Read on deshabhimani.com