സാമൂഹ്യ പഠനമുറികൾ ഇന്റർനെറ്റ്‌ കണക്‌ഷൻ ഉൾപ്പെടുത്തി നവീകരിക്കും



  കോഴിക്കോട്‌ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർഥികൾക്കായി ജില്ലയിൽ 11 സാമൂഹ്യപഠന മുറികൾ ഇന്റർനെറ്റ്‌ കണക്‌ഷൻ ഉൾപ്പെടുത്തി നവീകരിക്കുമെന്ന്‌ മന്ത്രി ഒ ആർ കേളു അറിയിച്ചു. പട്ടിക ജാതി – -വർഗ വകുപ്പ്‌ പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സാമൂഹ്യപഠന മുറികളുടെ നിലവാരം കാത്തുസൂക്ഷിക്കണം. ഉന്നതിയിലെ വികസന പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഗുണഭോക്താക്കളുടെ പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, വൈദ്യുതി, കക്കൂസ്, വഴി എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും മന്ത്രി നിർദേശിച്ചു.   അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടും ഭരണാനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി എംഎൽഎമാർ പരാതിപ്പെട്ടു. പദ്ധതികൾ സമയത്ത് പൂർത്തിയാക്കുന്നതിൽ നിർമാണ ഏജൻസികൾ അലംഭാവം കാട്ടുന്നുണ്ട്‌.  ജില്ലയിലെ ഏക മോഡൽ റസിഡൻഷ്യൽ സ്കൂളായ മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ രേഖയിൽ ഇല്ലെന്നും പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിച്ചാലേ നിയമനം സാധ്യമാവുകയുള്ളൂ എന്നും ഇ കെ വിജയൻ എംഎൽഎ ശ്രദ്ധയിൽപ്പെടുത്തി. പുതുപ്പാടിയിലെ നാക്കിലമ്പാട് ഏറ്റവും ശോച്യാവസ്ഥയിലുള്ള ഉന്നതി ആണെന്ന്‌ ലിന്റോ ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. പരിശോധിച്ച്‌ നടപടി സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു. ബാലുശേരി കരിങ്കാളിമ്മൽ നഗർ ഉന്നതിയിൽ വാട്ടർ ടാങ്ക് ചോർച്ച ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. ജില്ലയിൽ പട്ടികജാതി–-വർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കില്ലെന്നും യോഗം വിലയിരുത്തി. എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ലിന്റോ ജോസഫ്, കെ എം സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി, കലക്ടർ സ്നേഹിൽ കുമാർ സിങ്‌, എഡിഎം സി മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.   പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ കെ പി ഷാജി, പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസർ എ ബി ശ്രീജകുമാരി, പിന്നാക്ക വികസന വകുപ്പ് റീജണൽ ഡയറക്ടർ ബി പ്രബിൻ എന്നിവർ പവർ പോയിന്റ് അവതരണം നടത്തി. Read on deshabhimani.com

Related News