ഈ ‘കഥക്കൊട്ട’കളിൽ നിറയെ കുഞ്ഞുകഥകൾ

കുഞ്ഞുകഥകളുമായി കുട്ടികൾ ബാലസാഹിത്യകാരൻ കെ ശ്രീകുമാറിനൊപ്പം


കോഴിക്കോട്‌ അമ്മ സ്‌നേഹം, പൂമ്പാറ്റകളുടെ സന്തോഷം, സ്വപ്നം, കൂട്ടംതെറ്റിയ കുട്ടിക്കൊമ്പൻ, പട്ടം... ഇത്‌ കൊച്ചുകൂട്ടുകാർ ഒരുക്കിയ കഥകളിൽ ചില പേരുകൾ മാത്രം. ഈ ‘കഥക്കൊട്ട’കളിൽ അമ്മയുണ്ട്‌, അറിവിന്റെ ലോകം സമ്മാനിക്കുന്ന പ്രിയപ്പെട്ട അധ്യാപകരുണ്ട്‌. പൂമ്പാറ്റകളും തുമ്പിയും മഴവില്ലും മഷിത്തണ്ടുമുണ്ട്‌. കുഞ്ഞുമനസ്സുകളിലെ ഭാവനകൾ വിടർന്നപ്പോൾ വായനയുടെ ലോകത്ത്‌ ഒരുപുതുവസന്തം പിറക്കുകയായിരുന്നു. സ്‌കൂൾ ലൈബ്രറിയിൽ കുട്ടികളുടെ കഥകൾകൂടി ഉൾപ്പെടുത്തണമെന്ന്‌ വായനദിനത്തിൽ ഉദിച്ച ആശയം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ്‌ ചാലപ്പുറം എൽപി സ്‌കൂൾ അധ്യാപകരും വിദ്യാർഥികളും.  അധ്യാപകർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കിയത്‌ 65 കഥകളാണ്‌. രക്ഷിതാക്കളുടെ സഹായംകൂടി ചേർന്നപ്പോൾ ഓരോ കഥയും മനോഹരമായ രീതിയിലൊരുക്കി  ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്‌. ഏതുവിദ്യാർഥിക്കും പുസ്‌തകമെടുക്കം, വായിക്കാം.    ബാലസാഹിത്യകാരൻ ഡോ. കെ ശ്രീകുമാർ കുഞ്ഞു കഥകൾ പ്രകാശിപ്പിച്ചു. പിടിഎ പ്രസിഡന്റ്‌ എൻ പി നിധീഷ് അധ്യക്ഷനായി. സിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ വി മൃദുല മുഖ്യാതിഥിയായി.    ശാസ്ത്രമേള ഉപജില്ലാ വിജയികൾക്ക്‌ ഉപഹാരം നൽകി. ഹെഡ്മാസ്റ്റർ വി പി മനോജ്, തൗഫീറ, ദിവ്യ, പി മായ  എന്നിവർ സംസാരിച്ചു. വി പി ആതിര സ്വാഗതവും പി പ്രമോദ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News