കായക്കൊടി നെല്ലിലായ് 
കുടിവെള്ള പദ്ധതി ഉടൻ



കോഴിക്കോട് കായക്കൊടി പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി ഉടൻ ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനം. നിർത്തിവച്ച നെല്ലിലായ് കുടിവെള്ള പദ്ധതിയാണ്‌ വീണ്ടും ആരംഭിക്കുന്നത്. നിർമാണ പ്രവൃത്തിയുടെ 10 ശതമാനം മാത്രം പൂർത്തിയായിരിക്കെയാണ് പദ്ധതി നിർത്തിവച്ചത്.  എസ്റ്റിമേറ്റ് പ്രകാരമല്ല ​നിർമാണം നടക്കുന്നതെന്ന ഗുണഭോക്താക്കളുടെ പരാതിയെ തുടർന്ന്‌ ജില്ലാ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. പദ്ധതിയുടെ പ്രവൃത്തി പുനരാരംഭിക്കണമെന്ന്‌ സി എം യശോദ അവതരിപ്പിച്ച പ്രമേയം തിങ്കളാഴ്‌ച ചേർന്ന ജില്ലാ പഞ്ചായത്ത്‌ യോഗം അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി.  2024- –-25 വാർഷിക പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എച്ച്ഐവി ബാധിതർക്ക്‌ പ്രതിമാസ പോഷകാഹാര കിറ്റ് വാങ്ങാനുള്ള തുക വർധിപ്പിക്കണമെന്ന ക്ഷേമകാര്യ സമിതിയുടെ ശുപാർശയും അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്കൂളുകളിൽ സ്ഥാപിച്ച സോളാർ പാനലുകളുടെ എഎംസി കാലാവധി പുതുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.   യോഗത്തിൽ വൈസ്‌ പ്രസിഡന്റ്‌ പി ഗവാസ്‌, സ്ഥിരംസമിതി അധ്യക്ഷരായ പി സുരേന്ദ്രൻ, കെ വി റീന, വി പി ജമീല, നിഷ പുത്തൻപുരയിൽ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ സുരേഷ്‌ കൂടത്താങ്കണ്ടി, മുക്കം മുഹമ്മദ്‌, നാസർ എസ്‌റ്റേറ്റ്‌മുക്ക്‌, ഐ പി രാജേഷ്‌ എന്നിവർ സംസാരിച്ചു. പാസഞ്ചർ സ്റ്റോപ്പ് 
പുനഃസ്ഥാപിക്കണം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ കോവിഡിന് മുമ്പുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന്‌  ജില്ലാ പഞ്ചായത്ത്‌ കൗൺസിൽ റെയിൽവേയോട്‌ ആവശ്യപ്പെട്ടു.  വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി സ്റ്റേഷനുകളിൽ സ്‌റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ എം പി ശിവാനന്ദൻ അവതരിപ്പിച്ച പ്രമേയമാണ്‌ യോഗം അംഗീകരിച്ചത്.   Read on deshabhimani.com

Related News