കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

ഇരുവഴിഞ്ഞിപ്പുഴയിൽ നടക്കുന്ന കയാക്കിങ് പരിശീലനം


 സ്വന്തം ലേഖകർ മുക്കം/പേരാമ്പ്ര  തിമിർത്ത് പെയ്യുന്ന കർക്കടക മഴയിൽ കുത്തിയൊഴുകുന്ന പുഴകളിൽ ആവേശത്തുഴയെറിഞ്ഞ് പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച തുടക്കമാകും. ചക്കിട്ടപാറ മീൻതുള്ളിപ്പാറയിൽ കുറ്റ്യാടി പുഴയിൽ നടക്കുന്ന ഫ്രീസ്റ്റൈൽ പ്രദർശന മത്സരത്തോടെയാണ് നാലുനാൾ നീളുന്ന പുഴയുത്സവം  ആരംഭിക്കുന്നത്‌.  കോവിഡ് കാലത്ത് നിർത്തിവച്ച ഫ്രീസ്റ്റൈൽ മത്സരങ്ങൾ രാവിലെ പത്തിന് ടി പി രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്ഓഫ്‌ ചെയ്യും. പാറക്കെട്ടുകളും ചുഴികളും ശക്തമായ കുത്തൊഴുക്കുമുള്ള കടന്തറപ്പുഴയുടെയും മൂത്തേട്ട് പുഴയുടെയും സംഗമകേന്ദ്രത്തിനടുത്താണ് മീൻതുള്ളിപ്പാറ. ഇവിടെ ഫ്രീ സ്റ്റൈൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിൽ ഇന്ത്യക്കുപുറമെ ബ്രിട്ടൻ, ഇറ്റലി, ജർമനി, അമേരിക്ക, ഫ്രാൻസ്, സ്പെയിൻ, ന്യൂസിലൻഡ്, ഓസ്ട്രിയ, മോണ്ടിനെഗ്രോ, അയർലൻഡ്, നോർവെ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ മത്സരിക്കാനെത്തും. 2017-ലും 2018-ലുമാണ് മീൻതുള്ളിപ്പാറ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വേദിയായത്.    ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളി  പകൽ 11.30ന് പുലിക്കയത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. ഒളിമ്പിക്സ് മത്സരയിനങ്ങളായ സ്ലാലം, എക്സ്‌ട്രീം സ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിൽ ഇരുവഴിഞ്ഞി പുഴയിലും നടക്കും. എട്ട് രാജ്യങ്ങളിൽനിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരും ഉത്തരേന്ത്യൻ താരങ്ങളും തദ്ദേശീയ താരങ്ങളും ചാമ്പ്യൻഷിപ്പിൽ തുഴയെറിയും. ഞായറാഴ്ച പുല്ലൂരാംപാറ ഇലന്തുകടവിൽ സമാപന ചടങ്ങ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News