വില്യാപ്പള്ളിക്ക് ജൈവവൈവിധ്യ 
രജിസ്റ്റർ ഒരുക്കുന്നു

ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കൽ വളന്റിയർമാർ വിവരശേഖരണത്തിനിടയിൽ


വടകര വില്യാപ്പള്ളി പഞ്ചായത്തിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്‌കരണത്തിന് നടപടി തുടങ്ങി. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും സാങ്കേതിക പിന്തുണയിലും തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ കാലാനുസൃതമായാണ്‌ പുതുക്കുക. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിദഗ്ധ സമിതി രജിസ്റ്ററിന്റെ ഒന്നാം വാള്യം വിശദ പരിശോധനക്ക് വിധേയമാക്കി.  കാർഷിക വൈവിധ്യം, കാർഷികേതര വൈവിധ്യം, ആവാസവ്യവസ്ഥാ വൈവിധ്യം എന്നിവയാണ് പ്രധാനമായും കണ്ടെത്തി രേഖപ്പെടുത്തുന്നത്. വിവിധ മേഖലകളിലെ നാട്ടറിവുകളും കണ്ടെത്തും. പഞ്ചായത്തിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള വലിയമലയിലെ ജൈവവൈവിധ്യം വിശദമായ സർവേക്ക് വിധേയമാക്കാൻ ഉപസമിതിക്കും രൂപംനൽകി. 50 അംഗ സന്നദ്ധ വളന്റിയർമാരുടെ നേതൃത്വത്തിൽ ആഗസ്തിൽ സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിന്റെ പ്രാദേശിക സാമ്പത്തിക വിഭവസമാഹരണത്തിനും ഭാവിവികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അടിസ്ഥാനരേഖയായി പരിഷ്‌കരിച്ച ജൈവവൈവിധ്യ രജിസ്റ്റർ മാറും. പ്രവർത്തനങ്ങൾക്കുള്ള വിദഗ്ധ ഉപദേശക സമിതിയിൽ സസ്യശാസ്ത്ര വിദഗ്ധൻ ഡോ. പ്രസാദ് ഏറഞ്ചേരി, വെറ്ററിനറി ഡോക്ടർ, കൃഷി ഓഫീസർ തുടങ്ങിയവർ അംഗങ്ങളാണ്. ആർ പി രാജീവനാണ് കൺവീനർ. തെരഞ്ഞെടുത്ത വളന്റിയർമാർക്കുള്ള പരിശീലനവും ജനകീയ സർവേയുടെ ഉദ്ഘാടനവും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുരളി അധ്യക്ഷനായി. Read on deshabhimani.com

Related News