നുണപ്രചാരണം തുറന്നുകാട്ടി ബഹുജനകൂട്ടായ്‌മ

മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ സിപിഐ എം സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ മുതലക്കുളത്ത് ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം വയനാട്ടിലെ പുനരധിവാസം തടയാനും കേന്ദ്രസഹായം മുടക്കാനുമുള്ള മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ കേരളത്തിന്റെ ഉശിരൻ പ്രതിഷേധം. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കൈകോർത്തു മുന്നേറുമ്പോൾ, അതിനു തുരങ്കംവയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണത്തെ തുറന്നുകാട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ അണിചേർന്നു.  സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ്‌മയിൽ ഭാഗമാകാൻ കക്ഷി രാഷ്ട്രീയഭേദമില്ലാതെ ജനങ്ങളെത്തി. ഉരുൾപൊട്ടലിലിനെ തുടർന്നുള്ള നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‌ നൽകിയ മെമ്മോറാണ്ടത്തിന്റെ പേരിലാണ്‌ ഒരുവിഭാഗം മാധ്യമങ്ങൾ പച്ചനുണ പ്രചരിപ്പിച്ചത്‌. കേന്ദ്ര സംഘത്തിന്റെ സഹായത്തോടെ മാനദണ്ഡപ്രകാരം തയ്യാറാക്കിയ നിവേദനത്തിലെ എസ്‌റ്റിമേറ്റിനെ സർക്കാരിന്റെ കൊള്ള എന്നും കള്ളക്കണക്ക്‌ എന്നുമാണ്‌ ഈ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്‌. ദുരിതബാധിതരെയും സഹായങ്ങൾ നൽകിയവരെയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു നുണപ്രചാരണം. യാഥാർഥ്യം ബോധ്യപ്പെട്ട ചില മാധ്യമങ്ങൾ തിരുത്താൻ തയ്യാറായെങ്കിലും ഒരു വിഭാഗം ഇപ്പോഴും സംസ്ഥാന സർക്കാരിനെതിരെ നുണപ്രചാരണം തുടരുകയാണ്‌. അതേറ്റുപിടിച്ച്‌ പ്രതിപക്ഷവും ബിജെപിയും കുപ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിലാണ്‌ വയനാട്‌ ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിലും മറ്റു ജില്ലകളിൽ ജില്ലാ കേന്ദ്രങ്ങളിലും ബഹുജന കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്‌. തലസ്ഥാനത്ത്‌ പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടത്തിയ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിൽ ചേർന്ന ബഹുജന കൂട്ടായ്‌മ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു.  ദുരന്തബാധിത പ്രദേശത്തിന്റെ പുനരുജ്ജീവനത്തിന്‌ കേന്ദ്രത്തിൽ നിന്നുള്ള ആനൂകൂല്യം നേടിയെടുക്കുന്നതിനെ തുരങ്കംവയ്‌ക്കുകയാണ്‌ മാധ്യമങ്ങളുടെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ രീതിയിൽ കേരളത്തെ തകർക്കാനുള്ള ക്വട്ടേഷൻ പണിയാണ്‌ മാധ്യമങ്ങൾ ഏറ്റെടുത്ത്‌ നടപ്പാക്കുന്നത്‌. അതേസമയം കേന്ദ്രം ദുരിതാശ്വാസ സഹായം തരാത്തതിനെതിരെ മാധ്യമങ്ങൾക്ക്‌ ഒന്നും പറയാനില്ല.  ഉരുൾപൊട്ടലിനെക്കാൾ മഹാദുരന്തമായി മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌ കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ ദാമോദരൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News