വട്ടക്കിണർ-–അരീക്കാട്, ചെറുവണ്ണൂർ മേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കണം

സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 
പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു


ഫറോക്ക്  നിർദിഷ്ട വട്ടക്കിണർ–-അരീക്കാട്, ചെറുവണ്ണൂർ മേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കണമെന്ന് സിപിഐ എം ഫറോക്ക് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 255.62 കോടി രൂപ ചെലവിൽ കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ്‌ പ്രോജക്ടിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡിന് കീഴിൽ ആധുനിക രീതിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇരു മേൽപ്പാലങ്ങളുടെയും ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ ഉടൻ പൂർത്തിയാക്കണമെന്നും നിർമാണ പ്രവൃത്തി വേഗത്തിൽ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.  ഫറോക്ക് ഇഎസ്ഐ റഫറൽ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, വയനാട് ദുരന്തബാധിതർക്ക് അർഹമായ കേന്ദ്രസഹായം അനുവദിക്കുക, നിയമക്കുരുക്കുകൾ ഒഴിവാക്കി ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട ഏറ്റെടുത്ത്‌ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഏരിയാ റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് ഏരിയാ സെക്രട്ടറി ടി രാധാഗോപിയും പൊതുചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ് എന്നിവരും മറുപടി പറഞ്ഞു. കെ ഷെഫീഖ് ക്രഡൻഷ്യൽ റിപ്പോട്ട് അവതരിപ്പിച്ചു. വൈകിട്ട് രാമനാട്ടുകര കേന്ദ്രീകരിച്ച് ചുവപ്പുസേന മാർച്ചും ബഹുജന റാലിയും നടന്നു. കെ ഗംഗാധരൻ നഗറിൽ നടന്ന  പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി ടി രാധാഗോപി അധ്യക്ഷനായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സംസാരിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത കെ പി രോഹിത്തിന്‌ ഉപഹാരം നൽകി. സ്വാഗതസംഘം കൺവീനർ വാഴയിൽ ബാലകൃഷ്ണൻ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം എൻ വി ബാദുഷ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News