കോവിഡിൽ പകച്ച്‌ ജില്ല 2 നാൾ; 2 മരണം



    കോഴിക്കോട് കോവിഡ്‌ ബാധിച്ച്‌ രണ്ടു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത്‌  രണ്ട്‌ മരണം കൂടി.  വയനാട്‌ സ്വദേശിയായ ആമിന മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ്‌ തിങ്കളാഴ്‌ച രാത്രി 9.10ന്‌ കണ്ണൂർ ധർമടം ബീച്ച്‌ റിസോർട്ടിനു സമീപം ഫർസാന മൻസിലിൽ ആസിയയും(61) കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  മരിച്ചത്‌. ഇതോടെ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി.  മസ്തിഷ്‌കാഘാതത്തിന്‌ 2002 മുതൽ ചികിത്സയിലുള്ള ആസിയ ഒരു മാസമായി തലശേരി സഹകരണ ആശുപത്രിയിലും തുടർന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. 17ന്‌ സ്വകാര്യ ആശുപത്രിയിലെത്തിയ ഇവരെ കോവിഡ് ലക്ഷണത്തെ തുടർന്ന് വ്യാഴാഴ്ചയാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്. വൈറൽ ന്യൂമോണിയകൂടി ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമായി.   ഇവർക്ക്‌ കോവിഡ്‌ പിടിപെട്ടത്‌ എവിടെനിന്നെന്ന്‌  വ്യക്തതയില്ല.   ഭർത്താവും മക്കളുമടക്കം  ഏഴുപേർ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലാണ്‌. പ്രാഥമിക സമ്പർക്കമുണ്ടായ അറുപതോളം പേർ നിരീക്ഷണത്തിലാണ്‌. ദുബായിൽനിന്ന്‌ അർബുദ ചികിത്സക്കായി എത്തിയ കൽപ്പറ്റ സ്വദേശിനി ആമിന(53) ഞായറാഴ്‌ചയാണ്‌ മരിച്ചത്‌.   കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമിനയെ  കോവിഡ്‌ ബാധയെ തുടർന്ന്‌ ‌ കഴിഞ്ഞ  ദിവസമാണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. 2017 മുതൽ  ഇവർ അർബുദ ചികിത്സയിലായിരുന്നെന്ന്‌ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി.  മൃതദേഹം കോവിഡ്‌ നിയന്ത്രണം പാലിച്ച്‌ കണ്ണംപറമ്പ്‌ ജുമാമസ്‌ജിദ്‌ കബർസ്ഥാനിൽ അടക്കം ചെയ്‌തു.       കോവിഡ്‌ ബാധിച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ്‌ ഹൃദയാഘാതത്തെ തുടർന്ന്‌ ഏപ്രിൽ 24ന്‌ മരിച്ചിരുന്നു. Read on deshabhimani.com

Related News