ആവേശത്തുഴയെറിഞ്ഞ്
പേരാമ്പ്ര കടന്തറപ്പുഴയിൽ ആവേശത്തുഴയെറിഞ്ഞ് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്ങിന്റെ പ്രദർശന മത്സരം. 10–-ാത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി 26, 27, 28 തീയതികളിൽ ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടത്തുന്ന കയാക്കിങ് മത്സരങ്ങൾക്ക് മുന്നോടിയായാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിൽ പ്രദർശന മത്സരം സംഘടിപ്പിച്ചത്. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, ചക്കിട്ടപാറ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഫ്രീസ്റ്റൈൽ വൈറ്റ് വാട്ടർ കയാക്കിങ് പ്രദർശനം. റഷ്യ, ഇറ്റലി, ജർമനി, ഫ്രാൻസ്, നോർവെ, സ്പെയിൻ, ന്യൂസിലൻഡ്, നേപ്പാൾ എന്നീ രാജ്യങ്ങളിനിന്ന് 13 പേരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 40 പേരും ഉൾപ്പെടെ 53 താരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ടി പി രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു അധ്യക്ഷനായി. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ബോർഡ് ചെയർമാൻ എസ് കെ സജീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണി വേങ്ങേരി, അലക്സ് തോമസ് ചെമ്പകശ്ശേരിൽ, ആദർശ് ജോസഫ്, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഇ എം ശ്രീജിത്ത്, സി കെ ശശി, ഗിരിജ ശശി, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സ്വാഗതവും കൺവീനർ എം പി പ്രകാശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com