രണ്ട് മിനിറ്റ്; നഷ്ടം ഭീകരം
കോഴിക്കോട് ‘അർധരാത്രിയാണ് എന്തോ വരുന്നതുപോലെ വലിയ ശബ്ദത്തിൽ മൂളക്കം കേട്ടത്. പിന്നെ ആകെയൊരു കറക്കമായിരുന്നു. പെട്ടെന്ന് വീടിനുമുകളിൽ കനമുള്ള വസ്തു പതിച്ചു. കുഞ്ഞിനെയുമെടുത്ത് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു’. രാവിലെ കാര്യം വിശദീകരിക്കുമ്പോഴും നടുക്കം മാറാതെ നെല്ലിക്കോട് ഭയങ്കാവ് പൊക്കോലത്ത് മീത്തൽ ഷീന വിറയ്ക്കുന്നുണ്ടായിരുന്നു. കാറ്റിൽ മരങ്ങൾ പൊട്ടിമറിഞ്ഞു. കറന്റും പോയി. രണ്ട് മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു. കാറ്റുകോളും ഒഴിഞ്ഞു. നഷ്ടങ്ങൾ ബാക്കിയായി. കണ്ണീരോടെ ഷീന പറഞ്ഞു. മേത്തോട്ട് താഴത്ത് പുതുശേരി കണ്ടിയിലെ വീട്ടിലെ ട്രസാണ് ചുഴലിയിൽ പറന്ന് ഷീനയുടെ വീടിന് മുകളിൽ പതിച്ചത്. ഷീറ്റും കമ്പിയുമുൾപ്പെടെ 150 കിലോയുള്ള ട്രസ് ഭാഗം വീണ് ഓടിട്ട കൊച്ചുവീട് പൂർണമായും തകർന്നു. നാട്ടുകാർ മേൽക്കൂരയിൽനിന്ന് ട്രസിന്റെ ഭാഗം താഴെയിറക്കി. താൽക്കാലം ടാർപോളിൻ വലിച്ചുകെട്ടി. 300 കിലോയുള്ള ട്രസിന്റെ ബാക്കി ഭാഗം അയൽവാസി ദേവദാസിന്റെ പറമ്പിലെ പുളിമരത്തിന് മുകളിലാണ് വീണത്. ഇത്രയും ഭാരമുള്ള വസ്തു താഴെയിറക്കാൻ വൻ സന്നാഹം വേണ്ടിവരുമെന്ന് നാട്ടുകാർ പറഞ്ഞു. Read on deshabhimani.com