"വയോജന സൗഹൃദ കേരളം’ ദേശീയ സെമിനാർ



 കോഴിക്കോട്‌ മുതിർന്ന പൗരൻമാരുടെ ക്ഷേമവും പരിരക്ഷയും ചർച്ചചെയ്‌ത്‌ സീനിയർ സിറ്റിസൺസ് ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്റെ  ദേശീയ സെമിനാർ.  അസോസിയേഷന്റെ  19-ാം സംസ്ഥാന കൺവൻഷന്റെ ഭാഗമായി  "വയോജന സൗഹൃദ കേരളം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കോഴിക്കോട്‌ ടാഗോർ ഹാൾ പരിസരത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. മുതിർന്ന പൗരന്മാരുടെ അറിവും അനുഭവങ്ങളും സാമൂഹിക പുരോഗതിക്ക് ഊർജമാകുമെന്ന് മന്ത്രി പറഞ്ഞു. വിവിധ മേഖലകളിലെ സൂചകങ്ങളിൽ വികസിത രാജ്യങ്ങൾക്കൊപ്പം എത്താൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. 60 വയസ്സിനുമുകളിലുള്ളവർ രാജ്യത്തെ ജനസംഖ്യയുടെ 13.8 ശതമാനമാണെങ്കിൽ കേരളത്തിലത്‌ 16.5 ശതമാനമാണ്‌. വയോജന ജനസംഖ്യയുടെ വാർഷിക വളർച്ചാനിരക്ക് ദേശീയതലത്തിൽ 3.28 ശതമാനമാണെങ്കിൽ ഇവിടെ 3.96 ശതമാനമാണ്‌. മുതിർന്ന പൗരൻമാരുടെ കഴിവും പരിചയവും ഉപയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി എ എൻ നമ്പൂതിരി അധ്യക്ഷനായി. ‘സാമൂഹ്യ പരിരക്ഷ’ വിഷയത്തിൽ അഡ്വ. കെ കെ മണി, "വയോജന സുരക്ഷയും പൊലീസ് വകുപ്പും’ വിഷയത്തിൽ എസിപി എ ഉമേഷ്, "വയോജന സംരക്ഷണവും ഇടതുപക്ഷ സർക്കാരും’ വിഷയത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അമരവിള രാമകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി. കൺവൻഷൻ സ്‌മരണിക ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പ്രകാശിപ്പിച്ചു. ടി പി ദാസൻ ഏറ്റുവാങ്ങി. സംഘടനയുടെ ആദ്യകാല നേതാവ് ടി ദേവിയെ ആദരിച്ചു. കോർപറേഷൻ സ്ഥിരംസമിതി ചെയർമാൻ പി ദിവാകരൻ, ജില്ലാ സെക്രട്ടറി കെ കെ സി പിള്ള, പി രമ എന്നിവർ സംസാരിച്ചു. സംസ്ഥാന കൺവൻഷൻ ചൊവ്വ രാവിലെ 10.30ന് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News