വായിക്കും, എല്ലാ ക്ലാസ്‌മുറികളും

പരപ്പിൽ എംഎം ഹൈസ്കൂളിലെ എസ്എസ്എൽസി 1977-–-78 ബാച്ച് സമർപ്പിക്കുന്ന സമ്പൂർണ ക്ലാസ്റൂം ലൈബ്രറി പ്രഖ്യാപനം തെക്കേപ്പുറം നിവാസികൾ എഴുതിയ പുസ്തകം മേയർ ബീന ഫിലിപ്പിന് നൽകി എം മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു


സ്വന്തം ലേഖകൻ കോഴിക്കോട്‌  പരപ്പിൽ എംഎം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെ സമ്പൂർണ ക്ലാസ്‌ റൂം ലൈബ്രറി വിദ്യാലയമായി എഴുത്തുകാരൻ എം മുകുന്ദൻ പ്രഖ്യാപിച്ചു. 1977–-78 എസ്‌എസ്‌എൽസി ബാച്ചുകാരുടെ കൂട്ടായ്മയായ ‘വേവ്‌സ്‌’ ആണ്‌ അഞ്ചുമുതൽ 10വരെ ഡിവിഷനുകളിലെ 36 ക്ലാസ്‌മുറികളിൽ ലൈബ്രറി ഒരുക്കിയത്‌.  വായനയില്ലാതെ ഭാവിയില്ലെന്ന്‌ ഓർമപ്പെടുത്തിയാണ്‌ ക്ലാസ്‌ മുറി ലൈബ്രറികൾ എം മുകുന്ദൻ വിദ്യാർഥികൾക്കായി സമർപ്പിച്ചത്‌. ഏറ്റവും തിരക്കുള്ളവരെന്ന്‌ ലോകം കരുതുന്ന ബിൽഗേറ്റ്‌സും മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും ഹോളിവുഡ്‌ നടി എമ്മ വാട്‌സണും എല്ലാ ദിവസവും മണിക്കൂറുകൾ വായനയ്ക്കായി ചെലവഴിക്കുന്നുണ്ട്‌. അത്രയൊന്നും തിരക്കില്ലാത്ത നമ്മൾ തിരക്കിന്റെ പേരിൽ വായന മാറ്റിവയ്ക്കുന്നത്‌ അന്യായമാണ്‌. കോഴിക്കോട്‌ സാഹിത്യനഗരത്തിൽനിന്ന്‌ സാഹിത്യമഹാനഗരമായി വളരാൻ ഇത്തരം ചുവടുവയ്‌പ്പുകൾ സഹായിക്കുമെന്നും മുകുന്ദൻ ഓർമിപ്പിച്ചു.  മേയർ ബീന ഫിലിപ്പ്‌ മുഖ്യാതിഥിയായി. സി ഇ വി അബ്‌ദുൾ ഗഫൂർ അധ്യക്ഷനായി. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മകൻ അനീസ്‌ ബഷീർ, എസ്‌ കെ പൊറ്റെക്കാടിന്റെ മകൾ സുമിത്ര ജയപ്രകാശ്‌, ഉറൂബിന്റെ മകൻ ഇ സുധാകരൻ, തിക്കോടിയന്റെ മകൾ പുഷ്‌പ, എൻ പി മുഹമ്മദിന്റെ മകൾ എൻ പി ജാസ്‌മിൻ എന്നിവർ അതിഥികളായെത്തി. സർക്കാർ ആശാഭവനിലും ഫ്രീ ബേർഡ്‌സ്‌ ഷെൽട്ടർ ഹോമിലും സജ്ജമാക്കുന്ന ലൈബ്രറിയുടെ രേഖകൾ എം കെ മുനീർ എംഎൽഎ കൈമാറി. കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്‌സൺ സി രേഖ, കൗൺസിലർമാരായ സി ഉഷാദേവി, പി മുഹ്‌സിന, എ വി റഷീദ്‌ അലി, എഴുത്തുകാരി സാബി തെക്കേപ്പുറം, കെ വി ഹസീബ്‌ അഹമ്മദ്‌, മുഷ്‌ത്താഖ്‌, പ്രിൻസിപ്പൽ കെ കെ ജലീൽ, ഹെഡ്‌മാസ്‌റ്റർ സി സി ഹസൻ, ടി പി ഹംസത്ത്‌, ഡോ. സി എം നജീബ്‌, സി ബി വി സിദ്ദിഖ്‌, കെ വി ഇസ്‌ഹാഖ്‌, ടി പി ഇസ്‌മായിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News