ഓണക്കനിയും നിറപ്പൊലിമയുമായി 
കുടുംബശ്രീ



കോഴിക്കോട്‌ അത്തം തുടങ്ങാൻ ഇനി ഒമ്പതുനാൾ അവശേഷിക്കേ ഇത്തവണത്തെ ഓണം കളറാക്കാൻ ജില്ലയിൽ സ്‌ത്രീ കൂട്ടായ്‌മ സജീവം.   കുടുംബശ്രീ ഇത്തവണ പച്ചക്കറിക്കൃഷിയും ചന്തയും  കൂടാതെ പൂകൃഷിയിലും ഒരുകൈ നോക്കുകയാണ്‌. പല സിഡിഎസുകളും  കഴിഞ്ഞ വർഷം  വിജയം കൊയ്‌തത്‌ കണ്ടാണ്‌ കൂടുതൽ സംഘങ്ങൾ ഇക്കുറി പൂകൃഷിയിലേക്ക്‌ ഇറങ്ങിയത്‌. ഇത്തവണ  ജില്ലയിൽ 102 ഏക്കറിൽ പൂകൃഷിയും 234 ഏക്കറിൽ പച്ചക്കറി കൃഷിയും ഒരുക്കും.  നാടൻ പൂക്കൾകൊണ്ട്‌ പൂക്കളമൊരുക്കാൻ ‘നിറപൊലിമ’ പദ്ധതിയിലാണ്‌ പൂകൃഷി. ആയിരത്തിൽപ്പരം സ്‌ത്രീകളാണ്‌ പങ്കാളികളാവുന്നത്‌. ജില്ലയിലെ 80 സിഡിഎസുകൾക്ക്‌ കീഴിലായി 227 ജെഎൽജി ഗ്രൂപ്പുകളാണ്‌ പൂകൃഷി ആരംഭിച്ചത്‌. ചെണ്ടുമല്ലി മഞ്ഞയും ഓറഞ്ചുമാണ്‌ കൂടുതൽ. കൂടാതെ മല്ലികയും ചെമന്തിയുമുണ്ട്‌.  നാടൻസദ്യയൊരുക്കാൻ ‘ഓണക്കനി’ പദ്ധതിയിൽ 74 സിഡിഎസുകൾക്ക്‌ കീഴിലായി 615 ജെഎൽജികൾ പച്ചക്കറി കൃഷി ചെയ്യുന്നു.  കൃഷിയിറക്കാൻ ഒരേക്കറിന്‌ 10,000 രൂപവരെ ലഭിക്കും.  കുന്നമംഗലം ബ്ലോക്ക്‌ പരിധിയിലാണ്‌ കൂടുതൽ പൂകൃഷി. 16 ഏക്കറിൽ 141 സ്‌ത്രീകൾ ചേർന്നാണ്‌ കൃഷി ഒരുക്കുന്നത്‌. ബാലുശേരി ബ്ലോക്കിൽ 13.75 ഏക്കറിൽ 200 സ്‌ത്രീകളും  ചേളന്നൂർ ബ്ലോക്കിൽ 12.5 ഏക്കറിൽ 51 സ്‌ത്രീകളുമാണ്‌ പൂകൃഷിയൊരുക്കിയത്‌. പൂ കൃഷിയിലെന്നതുപോലെ പച്ചക്കറിയിലും കുന്നമംഗലം ബ്ലോക്കാണ്‌ മുന്നിൽ. 75 സംഘങ്ങളായി 52. 2 ഏക്കറിലാണ്‌ കൃഷി. തൊട്ടുപിന്നിൽ ബാലുശേരിയാണ്‌.  85 സംഘങ്ങൾ 45.45 ഏക്കറിലാണ്‌ കൃഷിയൊരുക്കുന്നത്‌. തൂണേരിയിൽ 67 സംഘങ്ങൾ 45 ഏക്കറിലും കൃഷിയൊരുക്കി.  പൂവിനും പച്ചക്കറിക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുക, വനതികൾക്ക്‌ തൊഴിലവസരവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്‌ പദ്ധതി.  ഓണപ്പൂകൃഷിയിൽ സ്വയം പര്യാപ്‌തത കൈവരിക്കാനുള്ള കുടുംബശ്രീയുടെ ചുവടുവെപ്പാണ്‌ നിറപ്പൊലിമ. കർഷകർക്ക്‌ ഉൽപ്പാദനം വർധിപ്പിക്കാൻ കൃഷിവകുപ്പിന്റെ സാങ്കേതികസഹായമടക്കമുള്ള പിന്തുണയുമുണ്ട്‌. പരമാവധി വിപണന മാർഗങ്ങളും സജ്ജമാക്കും. വരും വർഷങ്ങളിൽ കൂടുതൽ പേരെ ഈ മേഖലയിലേക്ക്‌  ആകർഷിക്കാനും പൂകൃഷി കൂടുതൽ ഇടങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്‌. പ്രാദേശിക വിപണികൾ വഴിയാകും പ്രധാന വിൽപ്പന. പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിനൊപ്പം വിഷരഹിത പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുകയാണ്‌ ലക്ഷ്യം. Read on deshabhimani.com

Related News