ഉയർന്നു യുവതയുടെ പ്രതിഷേധം
കോഴിക്കോട് കേരളത്തിലെ ട്രെയിൻ യാത്രാദുരിതത്തിനെതിരെ യുവതയുടെ പ്രതിഷേധമിരമ്പി. യാത്രാദുരിതം പരിഹരിക്കാൻ കേന്ദ്രവും റെയിൽവേയും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് നേരിടുന്നത്. ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നില്ല. യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് കോച്ചുകളുമില്ല. നിലവിലുണ്ടായിരുന്ന കോച്ചുകൾ വെട്ടിക്കുറയ്‌ക്കുകയും ചെയ്തു. കെ -റെയിൽപോലെ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്തുന്ന പദ്ധതികൾക്ക് അംഗീകാരം നൽകണം. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുകയും സാധാരണ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന നിലയിൽ പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു അധ്യക്ഷയായി. ആർ ഷാജി സംസാരിച്ചു. ടി അതുൽ സ്വാഗതവും എം വി നീതു നന്ദിയും പറഞ്ഞു. ലിങ്ക് റോഡിൽനിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു. Read on deshabhimani.com