എ കെ ജി മേൽപ്പാലം ഉദ്‌ഘാടനം 3ന്
സ്വന്തം ലേഖകൻ കോഴിക്കോട് ഫ്രാൻസിസ് റോഡിലെ നവീകരിച്ച എ കെ ജി മേൽപ്പാലം ഡിസംബർ മൂന്നിന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ചുവപ്പും വെള്ളയും ചേർന്ന ഭംഗിയുള്ള കൈവരികളും ബലപ്പെടുത്തിയ തൂണുകളും തുരുമ്പെടുക്കാതിരിക്കാൻ കാഥോഡിക് പ്രൊട്ടക്‌ഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് മേൽപ്പാലം നവീകരിച്ചത്. വൈകിട്ട് ആറരയ്‌ക്കാണ് ഉദ്‌ഘാടനം. പുതുമോടിയിൽ സിഎച്ച് പാലം നാടിന് സമർപ്പിച്ചതിനുപിന്നാലെയാണ് മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള എ കെ ജി മേൽപ്പാലം കരുത്തും അഴകും കൂട്ടി നവീകരിച്ചത്. ഉപ്പുകാറ്റ് ഏൽക്കുന്ന പ്രദേശമായതിനാൽ ആന്റി കാർബണേഷനും നടത്തി. പുതിയ പ്രകാശ സംവിധാനങ്ങളുമൊരുക്കി. മൂന്നര കോടി രൂപ ചെലവിട്ടാണ് നവീകരണം. ഡൽഹി ആസ്ഥാനമായുള്ള സ്‌ട്രക്‌ചറൽ സ്‌പെഷ്യാലിറ്റിയാണ് പാലത്തിന്റെ കരാർ ഏറ്റെടുത്തത്. ചരക്കുവാഹനങ്ങളുൾപ്പെടെയുള്ള വാഹനങ്ങൾ നഗരത്തിലേക്കെത്തുന്നത് ഈ മേൽപ്പാലത്തിലൂടെയാണ്. നവംബറിലാണ് പ്രവൃത്തി ആരംഭിച്ചത്. ഗതാഗതം വഴിതിരിച്ചുവിടുന്നത് വലിയ കുരുക്കിന് ഇടയാക്കുമെന്നതിനാൽ റോഡ് തടസ്സപ്പെടുത്താതെയായിരുന്നു പ്രവൃത്തി. ഇതാണ് പ്രവൃത്തിയുടെ വേഗം കുറയാനിടയാക്കിയത്. 267 മീറ്ററാണ് നീളം. 1986ലാണ് തറക്കല്ലിട്ടത്. 2021 ൽ പാലത്തിന് ബലക്ഷയമുണ്ടെന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് കണ്ടെത്തിയതിനെ തുടർന്നാണ് പാലം നവീകരിച്ചത്. Read on deshabhimani.com