ലുലുമാളില്‍ പ്രാര്‍ഥനാ മുറിയിലെ മോഷണം; ദമ്പതികൾ പിടിയിൽ
കോഴിക്കോട് മാങ്കാവ് ലുലുമാളിലെ പ്രാർഥനാമുറിയിൽ കയറി 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസിലുൽ റഹ്മാൻ (35), കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി ഷാഹിന (39) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസി. കമീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്‌ചയാണ് കേസിനാസ്പദമായ സംഭവം. ലുലുമാളിൽ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടിയുടെ ഒന്നേകാൽ പവന്റെ മാലയാണ് പ്രതികൾ കവർന്നത്. കവർച്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് സഞ്ചരിക്കാതെ റെയിൽവേ സ്റ്റേഷനിൽ എത്തി കടന്നുകളഞ്ഞു. കസബ പൊലീസ് മാളിലെയും റെയിൽവേ സ്റ്റേഷനിലെയും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കാസർകോട് പടന്നയിലെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്വർണമാല പ്രതികളിൽനിന്ന് കണ്ടെടുത്തു. ഇവർ മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. കസബ ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ്ഐ ജഗമോഹൻ ദത്തൻ, എഎസ്ഐ പി സജേഷ് കുമാർ, സീനിയർ സിപിഒമാരായ പി സുധർമൻ, രാജീവ്കുമാർ പാലത്ത്, സിപിഒ ബിജിലമോൾ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്, സൈബർസെല്ലിലെ സ്കൈലേഷ്, ഡിസിആർബിയിലെ എഎസ്ഐ നിധീഷ് എന്നിവർ അന്വേഷക സംഘത്തിലുണ്ടായി. Read on deshabhimani.com