കൃഷിയിറക്കൂ, വളമിടാൻ ഡ്രോൺ എത്തും
കോഴിക്കോട് പൂത്തുവിളഞ്ഞ് നിൽക്കുന്ന നെൽപ്പാടങ്ങളുടെ ആകാശക്കാഴ്‌ച പകർത്താൻ മാത്രമല്ല, അവിടെ കൃഷിയിറക്കാനും ‘ഡ്രോണു’ണ്ടാവും. വളവും കീടനാശിനിയും തളിച്ച് ജില്ലയിലെ കൃഷിയിടങ്ങളിൽനിന്ന് നൂറുമേനി വിളവ് കൊയ്യാൻ ‘ഡ്രോൺ’ സാങ്കേതികവിദ്യയെത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് പദ്ധതിയുടെ ഭാഗമായാണ് ജില്ലയ്ക്കായി രണ്ട് അഗ്രികൾച്ചർ ഡ്രോൺ ലഭ്യമായത്. കർഷകർക്ക് മിതമായ വാടക നിരക്കിൽ കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗിക്കാനാകും. പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം, ചെലവൂർ സുഗന്ധവിള വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രോൺ ഉള്ളത്. നാനോ യൂറിയ വളം, സൂക്ഷ്‌മമൂലകങ്ങൾ, ജൈവനിയന്ത്രണ ഉപാധികൾ, കുമിൾ നാശിനി എന്നിവ വെള്ളത്തിൽ ചേർത്താണ് ഡ്രോൺ വഴി കൃഷിയിടത്തിൽ തളിക്കുക. ഏക്കർ അടിസ്ഥാനപ്പെടുത്തിയാണ് വാടക. ഒരാഴ്‌ചക്കുള്ളിൽ നിരക്ക് നിശ്‌ചയിക്കും. തുടർന്ന് കർഷകർ ബന്ധപ്പെട്ടാൽ ഡ്രോൺ പറത്താൻ പരിശീലനം ലഭിച്ച പൈലറ്റ് എത്തും. വാഴ, നെല്ല്, പച്ചക്കറി എന്നീ കൃഷിയിടങ്ങളിലാണ് കൂടുതലായും ഡ്രോൺ ഉപയോഗിക്കുക. മറ്റ് കൃഷിയിടങ്ങളിൽ ഇത് പ്രയോഗിക്കുന്ന കാര്യവും പരിഗണിക്കും. 10 ലിറ്റർ ശേഖരണശേഷിയുള്ള ടാങ്കാണ് ഡ്രോണിലുള്ളത്. ഒരു ഏക്കറിൽ 20 മിനിറ്റുകൊണ്ട് മരുന്ന് തളിക്കാനാകും. നേരിട്ട് വളപ്രയോഗം നടത്തുന്നതിനേക്കാൾ ചെലവും സമയവും ഡ്രോൺ വഴി ലാഭിക്കാനാവുമെന്ന് കെവികെ മേധാവി ഡോ. പി രാധാകൃഷ്ണൻ പറഞ്ഞു. വളവും കീടനാശിനിയും നേരിട്ട് കൈകാര്യംചെയ്യുന്നതുമൂലമുള്ള ആരോഗ്യപ്രശ്‌നവും ഉണ്ടാവില്ല. എല്ലാ ഭാഗത്തും ഒരേപോലെ മരുന്ന് തളിക്കാനുമാകും. പെരുവണ്ണാമൂഴി കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ പ്രദർശന കൃഷിയിടങ്ങളിൽ പരീക്ഷണാർഥം കഴിഞ്ഞ ദിവസം ഡ്രോണിലൂടെ സൂക്ഷ്മമൂലകം തളിച്ചിരുന്നു. Read on deshabhimani.com