കടലുണ്ടി മാതൃകയ്ക്കുള്ള 
അംഗീകാരമായി ദേശീയ പുരസ്കാരം

വിദേശ ബ്ലോഗർമാരുടെ സംഘം കടലുണ്ടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കൊപ്പം (ഫയൽ ചിത്രം)


  ഫറോക്ക്  ലോക ടൂറിസം ദിനത്തിൽ കടലുണ്ടി പഞ്ചായത്തിന് ലഭിച്ച ദേശീയ പുരസ്കാരം, മൂന്നു വർഷത്തെ ടൂറിസം മേഖലയിലെ ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം. 2021 മുതൽ സംസ്ഥാന ആർടി മിഷന് കീഴിൽ ബേപ്പൂർ മണ്ഡലത്തിലാരംഭിച്ച സമഗ്ര ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയിൽ നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളാണ്‌ അംഗീകാരം നേടിക്കൊടുത്തത്‌. രാജ്യത്തെ ആയിരത്തോളം ടൂറിസം വില്ലേജുകളിൽനിന്നാണ് കടലുണ്ടി ഒന്നാമതെത്തിയത്.  പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ്‌ സ്പെഷ്യൽ ടൂറിസം ജനപ്രതിനിധികളെയും 22 വാർഡുകളിലെ ജനങ്ങളെയും ഉത്തരവാദിത്വ ടൂറിസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി, റിസോഴ്‌സ് മാപ്പിങ്ങിലൂടെ റിസോഴ്‌സ് ഡയറക്ടറി രൂപപ്പെടുത്തി. മൂന്നാം ഘട്ടത്തിലെ ഗ്രീൻ ഡെസ്റ്റിനേഷൻ പ്രോട്ടോകോൾ പദ്ധതിയിലൂടെ  പ്രകൃതി സംരക്ഷണത്തിനും മാലിന്യനിർമാർജനത്തിനും പ്രാധാന്യം നൽകി. "വൺ ടൂറിസ്റ്റ്, വൺ ട്രീ’ ക്യാമ്പയിനിലൂടെ ഓരോ വിനോദസഞ്ചാരിയും കടലുണ്ടിയിൽ ഒരുവൃക്ഷം നട്ടുപിടിപ്പിക്കാനുള്ള ബോധവൽക്കരണം നടത്തി. തോണി തുഴയുന്നവർ, ഹോം സ്റ്റേ നടത്തിപ്പുകാർ, ഫുഡ് യൂണിറ്റുകൾ, ഓട്ടോ തൊഴിലാളികൾ, കരകൗശല വസ്തുക്കൾ വിപണനം ചെയ്യുന്നവർ, ടൂർ ഗൈഡുകൾ എന്നിവർക്ക് പരിശീലനം നൽകി. വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റുകൾ, ആർട്ട് സ്ട്രീറ്റ് എന്നിവയിലൂടെ കയർപിരി, ഓലമെടയൽ, കള്ളുചെത്ത് തുടങ്ങിയ പാരമ്പര്യ തൊഴിലുകളെ  പരിചയപ്പെടുത്തി. ഫിഷിങ് സ്ട്രീറ്റ്, കൾച്ചറൽ സർക്യൂട്ട്, വാട്ടർ സ്ട്രീറ്റ് എന്നിവയും കടലുണ്ടി ടൂറിസത്തിന്റെ കരുത്തായി. തദ്ദേശീയ ഭക്ഷണം, കൃഷി, കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാട്ടിലൂടെയും പക്ഷിസങ്കേതത്തിലൂടെയും തോണിയാത്ര, പാരമ്പര്യ കൈത്തൊഴിലുകൾ എന്നിവ സഞ്ചാരികൾക്ക് പരിചയപ്പെടുത്തി. പ്രാദേശിക സമൂഹത്തിന്റെ വരുമാനം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമായി. ലോക ഉത്തരവാദിത്വ ടൂറിസം സ്ഥാപകൻ ഡോ. ഹാരോൾഡ് ഗുഡ്‌വിൻ, ഗ്ലോബൽ ആർടി സമ്മിറ്റിൽ പങ്കെടുത്ത 16 രാജ്യങ്ങളിലെ പ്രതിനിധികൾ,26 രാജ്യങ്ങളിലെ ബ്ലോഗേഴ്സ് തുടങ്ങിയവർ കടലുണ്ടിയിലെത്തി. Read on deshabhimani.com

Related News