പാലാഴി റോഡ് ജങ്‌ഷനിലെ മേൽപ്പാലം ക്രിസ്മസിനുമുമ്പേ തുറക്കും: മന്ത്രി റിയാസ്
കോഴിക്കോട് പാലാഴി റോഡ് ജങ്‌ഷനിൽ നിർമാണം പൂർത്തിയായ മേൽപ്പാലം ക്രിസ്മസിനുമുമ്പേ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മേൽപ്പാലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 690 മീറ്ററാണ് നീളം. ഇരുവശത്തുമായി രണ്ട് മേൽപ്പാലങ്ങളാണ് നിർമിച്ചത്. ദേശീയപാത- 66ലെ പ്രധാന റീച്ചായ രാമനാട്ടുകര- –- വെങ്ങളം ബൈപാസിലെ ഏറ്റവും തിരക്കുപിടിച്ച സ്ഥലമാണ് പന്തീരാങ്കാവ് ഭാഗം. മാൾ, സൈബർപാർക്ക് എന്നിവ ഉള്ളതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇതിനൊക്കെ പരിഹാരമായാണ് ബൈപാസിലെ ഏറ്റവും നീളംകൂടിയ പാലം വിഭാവനംചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിൽ 415 കോടിയാണ് ഭൂമി ഏറ്റെടുക്കാനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. രാമനാട്ടുകര-–-വെങ്ങളം ബൈപാസ് മഴക്കാലത്തിനുമുമ്പ് വിഷു സമ്മാനമായി നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. Read on deshabhimani.com