മലബാര്‍ റിവര്‍ ഫെസ്റ്റിവൽ കൊടിയിറങ്ങി



    തിരുവമ്പാടി തുഴക്കരുത്തിൽ സാഹസികതയുടെ വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച് ഏഴാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവൽ കൊടിയിറങ്ങി. കോടഞ്ചേരിയിലെ പുലിക്കയം ചാലിപ്പുഴയിലും തിരുവമ്പാടിയിലെ അരിപ്പാറ ഇരുവഴിഞ്ഞിപ്പുഴയിലുമാണ് മൂന്നു ദിവസമായി അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരം നടന്നത്. ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ള 120-ലേറെ താരങ്ങൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. സമാപന ദിവസം ഇരുവഴിഞ്ഞിപ്പുഴയിലാണ് മത്സരങ്ങള്‍ നടന്നത്. പ്രധാന ഇനമായ ഡൗണ്‍ റിവര്‍ എക്‌സ്ട്രീം റെയ്‌സാണ് ഞായറാഴ്ച നടന്ന പ്രധാന ഇനം. റഷ്യൻ താരം  ഇവാന്‍ കോസ്ലേചോവ് ജേതാവായി. ഉത്തരാഖണ്ഡിലെ അമിത് താപ്പ, ആഷിഷ് രാത്തോഡ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കുറുങ്കയത്തുനിന്ന് ഇലന്തുകടവിലേക്ക് ഫെസ്റ്റിവലിലെ  മുഴുവന്‍ താരങ്ങളും പങ്കെടുത്ത മാരത്തൺ സൂപ്പർ ഫൈനൽ മലയോരത്തിന് ആവേശമായി. ഇലന്തുകടവില്‍ നടന്ന സമാപന സമ്മേളനം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷയായി.  കലക്ടര്‍ എസ് സാംബശിവറാവു അവാർഡുകൾ വിതരണം ചെയ്തു. കോടഞ്ചരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചാലില്‍, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്,  കയാക്കിങ് ആൻഡ്‌ കനോയിങ് ദേശീയ ജനറല്‍ സെക്രട്ടറി പ്രശാന്ത് കുശ്‌വ, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌കര്‍, കേരള കയാക്കിങ് ആൻഡ്‌ കനോയിങ് സെക്രട്ടറി എസ് ബീന, പ്രദീപ് മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ സ്വാഗതവും ഡിടിപിസി സെക്രട്ടറി സി പി ബീന നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News