തൊണ്ടിലക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു
ഫറോക്ക് ഒളവണ്ണയെ കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂരുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു. തൂണുകളുടെ നിർമാണം പൂർത്തിയായി. തകർച്ചാഭീഷണി നേരിട്ട വീതി കുറഞ്ഞ കോൺക്രീറ്റ് പാലത്തിന് പകരമായാണ് 20 കോടി രൂപ ചെലവിട്ട് വാഹനഗതാഗതം സാധ്യമാകുന്ന വീതിയേറിയ പാലം നിർമിക്കുന്നത്. ഒളവണ്ണയെ -കൊളത്തറ റോഡുമായി ബന്ധിപ്പിക്കാനായി ചെറുപുഴക്ക് കുറുകെ 180 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് മധ്യഭാഗത്ത് 55 മീറ്റർ നീളത്തിൽ ആർച്ച് സ്‌പാനും 12.5 മീറ്റർ നീളമുള്ള 10 സ്‌പാനുകളും ഉൾപ്പെടെ 11 സ്‌പാനുകളാണുണ്ടാവുക. സ്ഥലമെടുപ്പിനായി നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സർവീസ് റോഡിനായുള്ള സ്ഥലമെടുപ്പുകൂടി പൂർത്തിയായാൽ വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാകും. ആദ്യം ഒളവണ്ണ, ചെറുവണ്ണൂർ, -നല്ലളം വില്ലേജുകളിലായി 52.82 സെന്റ് ഭൂമി ഏറ്റെടുത്തിരുന്നു. പതിറ്റാണ്ടുകൾക്കുമുമ്പ് തെങ്ങിൻ തടിയും മുളയും മറ്റും ഉപയോഗിച്ചുണ്ടാക്കിയ പാലമായിരുന്നു തൊണ്ടിലക്കടവിൽ. 1977 ൽ ഒരു വിവാഹ പാർടി സഞ്ചരിക്കുമ്പോൾ പാലം തകർന്നുവീണതിനെ തുടർന്ന് ജനകീയ കമ്മിറ്റി അഞ്ചടി വീതിയിൽ നിർമിച്ച കോൺക്രീറ്റ് പാലമാണിവിടെയുള്ളത്. ഈ പാലം കാലപ്പഴക്കത്താൽ ദ്രവിച്ച് നിലംപൊത്താറായപ്പോഴാണ് ബദൽ പാലമെന്ന ആവശ്യമുയർന്നത്. പുതിയ പാലം തുറന്നാൽ ഒളവണ്ണയിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് എളുപ്പത്തിൽ ചെറുവണ്ണൂർ, ബേപ്പൂർ, ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നിവിടങ്ങളിലും മറ്റു തെക്കു-കിഴക്കൻ ഭാഗങ്ങളിലേക്കും വേഗത്തിൽ എത്താനാകും. Read on deshabhimani.com