വരവ് കുറഞ്ഞു; 
പഴംവില 
കുതിക്കുന്നു

വിൽപ്പനയ്ക്കായി എത്തിച്ച നേന്ത്രപ്പഴക്കുലകൾ ഉന്തുവണ്ടിയിലേക്ക് കയറ്റുന്ന വ്യാപാരി. പാളയം പച്ചക്കറി മാർക്കറ്റിൽനിന്നുള്ള ദൃശ്യം


കോഴിക്കോട് ‌വിപണിയിൽ വാഴപ്പഴങ്ങളുടെ വില കുതിക്കുന്നു. ഭക്ഷണാവശ്യങ്ങൾ, വിവാഹം, പൂജാകർമങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കുന്ന വാഴപ്പഴങ്ങളുടെ വിലയാണ് സാധാരണക്കാരന്റെ നടുവൊടിക്കുന്നത്. ഞാലിപ്പൂവനാണ് വില കൂടുതൽ. വലിയ ഞാലിക്ക് കിലോയ്ക്ക് 90 രൂപ വരെയായി. പാളയം മാർക്കറ്റിലെ മൊത്തവില 60 രൂപയാണ്. ഇടത്തരം ഞാലിക്ക് 60–-70 രൂപ, ചെറിയതിന് 50–-60 രൂപയുമാണ് വില. കിലോയ്ക്ക് 30 രൂപയ്ക്ക് വിറ്റിരുന്ന റോബസ്റ്റയുടെ വില 50 ആയി. മൊത്ത വില 30–35ഉം. മൈസൂർ പഴത്തിന് 40–- 50 രൂപ വരെയാണ് പ്രാദേശിക വിപണിയിലെ വില. നാടൻ നേന്ത്രക്കായയുടെ വില കിലോയ്ക്ക് 60–-70 രൂപ ആയി ഉയർന്നു. മൊത്തവില 46 ആണ്. പച്ചക്കായകൾക്കും വില കുത്തനെ കൂടി.   നാടൻ കുലകളുടെ വരവും ഇതര സംസ്ഥാനങ്ങളിലെ തോട്ടങ്ങളിലെ വിളവെടുപ്പും കുറഞ്ഞതാണ് വിലയെ ബാധിച്ചത്. കൂടാതെ നാടൻപഴങ്ങൾക്ക് വില കുതിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വാഴക്കുലകൾക്കും വില കൂട്ടി. ഓണക്കാലത്ത് വറുത്ത കായക്കും ശർക്കര ഉപ്പേരിക്കും ആവശ്യം വർധിക്കുന്നതിനാൽ വില ഇനിയും കൂടിയേക്കും.    മഴക്കാലം തുടങ്ങിയാൽ സാധാരണ വില കുറയാറാണ് പതിവ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വിലവർധനയ്ക്ക് കാരണമെന്ന് പാളയം മാർക്കറ്റിലെ കെപിഎം പഴം മൊത്തവ്യാപാര കടയുടമ മൂസക്കോയ പറഞ്ഞു. ഓണസീസൺ കഴിയുന്നതുവരെ വില ഇങ്ങനെ നിൽക്കാനാണ് സാധ്യതയെന്നും പറഞ്ഞു.   Read on deshabhimani.com

Related News